നീലേശ്വരം: ആലപ്പുഴ കോട്ടയം കുമരകവും കിഴക്കിന്റെ വെനീസ് ആണെങ്കില്‍ വടക്കിന്റെ വെനീസായി മാറുകയാണ് കാസര്‍കോട്.
കായല്‍ ടൂറിസത്തിന് ഈ രണ്ട് സ്ഥലവും കഴിഞ്ഞാല്‍ വിദേശസഞ്ചാരികളുള്പ്പെടെ എത്തിച്ചേരുന്നത് കോട്ടപ്പുറത്താണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് കായല്‍സഞ്ചാരം കൂടുതല്‍ വിപുലമാക്കാന്‍ 2001ല്‍ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായി ക്രുയിസ് ആരംഭിച്ചത്. ഇന്നിപ്പോള്‍ അത് മുപ്പതിലേറെ ഹൗസ്ബോട്ട് സര്‍വ്വീസുകളായി മാറി.
കൊവിഡിന് തൊട്ടുമുമ്പുവരെ വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ ബേക്കല്‍ കോട്ടയിലേക്കെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും കായല്‍ സൗന്ദര്യം നുകരാന്‍ നീലേശ്വരം കോട്ടപ്പുറത്തേക്കെത്താറുണ്ട്.
കായല്‍ ടൂറിസം അനുദിനം വളര്‍ന്ന് വന്നപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മനസ്സിലാക്കിയ നീലേശ്വരം നഗരസഭ എം.രാജഗോപാലന്‍ എം.എല്‍.എ മുഖേന ഇക്കാര്യം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേട്ടപ്പുറത്ത് ഹൗസ് ബോട്ട് ടെര്‍മിന ലിന് വേണ്ടി എട്ട് കോടി രൂപ അനുവദിച്ചു.
കേരളീയ വാസ്തു ശില്പ മാതൃകയില്‍ മനോഹരമായ ടെര്‍മിനലാണ് ഇവിടെ ഉയരുന്നത്. 135 മീറ്റര്‍ നീളത്തില്‍, നാല് ലവലുകളുള്ള മൂന്ന് ജെട്ടികളും വാക്ക്വേയും വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പ്രകൃതിഭംഗി ആസ്വദിക്കാന്‍ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടങ്ങളോടെയുള്ള സൈറ്റ് സീയിങ്ങ് ഏരിയയും ഇതിന്റെ പ്രത്യേകതയാണ്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ആയ മധുകുമാറാണ് പദ്ധതി ഡിസൈന്‍ ചെയ്തത്.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖാന്തിരം സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനല്‍ പദ്ധതിയുടെ ആദ്യ പടിയായി തേജസ്വിനി പുഴയില്‍ പൈലിങ് ജോലികള്‍ ആരംഭിച്ചു.
ടെര്‍മിനല്‍ സൈറ്റിലേക്ക് ഉണ്ടായിരുന്ന ചെറിയ റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ റോഡ് നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയും അനുവദിച്ചു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ന്വേതൃത്വത്തില്‍ നടക്കുന്ന റോഡ് പ്രവൃത്തിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറയുന്നതോടെ വേഗത കൈവരിക്കുന്ന നിര്‍മ്മാണങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയും ചെയ്യും.
0 Comments