മണ്ഡലം കോണ്‍ഗ്രസ് യോഗത്തില്‍ ബഹളം; മിനുട്‌സ് കീറിയെറിഞ്ഞു


ഒടയംചാല്‍: കോടോം-ബേളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. മിനുട്‌സ് ബുക്ക് കീറിയെറിഞ്ഞു.
പുതിയതായി നിയോഗിക്കപ്പെട്ട അടുക്കം സ്വദേശി ബാലചന്ദ്രന്‍ മണ്ഡലം പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അനിഷ്ട സംഭവങ്ങള്‍.
കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ബാലചന്ദ്രന്‍ അടുക്കം ഐ ഗ്രൂപ്പുകാരനാണ്. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡിസിസിയുടെ ചുമതലയുള്ള കൊല്ലം സ്വദേശിയായ കെ.പി.സി.സി സെക്രട്ടറി രതികുമാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. ഡിസിസി ഭാരവാഹികളും പങ്കെടുത്തില്ല. എ ഗ്രൂപ്പുകാരനായ മുരളീധരനെ മണ്ഡലം പ്രസിഡണ്ടായി നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രവര്‍ത്തകരുടെ നിസഹകരണം മൂലം പ്രസിഡണ്ട് സ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ച് മുരളീധരന്‍ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിലെ ഷാജു അയറോട്ടിനെ കണ്‍വീനറാക്കിയാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തിയത്. ഷാജുവിനെ മണ്ഡലം പ്രസിഡണ്ടാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് ചിലര്‍ അംഗീകരിക്കാതിരുന്നതും ഇന്നലത്തെ ബഹളത്തിന് മറ്റൊരുകാരണമായി.

Post a Comment

0 Comments