ഗൗതമിയും നമിതയും നിര്‍വാഹക സമിതിയില്‍; തമിഴ്‌നാട് ബിജെപി നേതൃത്വം പുനസംഘടിപ്പിച്ചു


ചെന്നൈ: തമിഴ്‌നാട് ബിജെപി നേതൃനിരയില്‍ സിനിമാ താരങ്ങളായ ഗൗതമിയേയും നമിതയേയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിച്ചു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാന്‍ജി.നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡി.എം.കെ പുറത്താക്കിയത്. മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വിഭാഗത്തെ തഴഞ്ഞതായി ആക്ഷേപമുണ്ട്. മുന്‍ഡിഎംകെ എംഎല്‍എ വി.പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷന്‍.
10 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 9 സെക്രട്ടറിമാര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. കെ.ടി. രാഘവന്‍, ജി.കെ. സെല്‍വകുമാര്‍, കരു നാഗരാജന്‍, ആര്‍ ശ്രീനിവാസന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നയിനര്‍ നാഗേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

Post a Comment

0 Comments