വിലങ്ങുമായി കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു


കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടിയ സംഭവത്തില്‍ ഇന്ന് ഉച്ചവരെയും തിരച്ചില്‍ തുടര്‍ന്നു. കൈവിലങ്ങോടെ കടലില്‍ ചാടിയ മധൂര്‍ കാളിങ്ങാട്ടെ മഹേഷിന് (28) വേണ്ടിയാണ് ഇന്നലെ രാത്രിയിലും ഇന്നുച്ചവരെയും പോലീസ് കടലില്‍ തിരച്ചില്‍ നടത്തുന്നത്.
കോസ്റ്റല്‍ പോലീസിന്റെ ബോട്ടില്‍ സെര്‍ച്ച് ലൈറ്റുമായാണ് രാത്രിയിലും തിരച്ചില്‍ നടത്തിയത്. അതിനിടെ മഹേഷ് പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണം കാസര്‍കോട് സി ബ്രാഞ്ച് ഡി.വൈ. എസ്.പി സതീഷ്‌കുമാറിനും പ്രതി കടലില്‍ ചാടിയതിന്റെ അന്വേഷണം നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി അസൈനാറിനും കൈമാറികൊണ്ട് ജില്ലാ പോലീസ് ചീഫ് ഡി. ശില്‍പ്പ ഉത്തരവായി.
തെളിവെടുപ്പിനിടെ മഹേഷ് 200 മീറ്റര്‍ ഓടിയ ശേഷം കടലില്‍ ചാടുകയായിരുന്നുവെന്ന് പോലീസും സംഭവസമയത്ത് ഉണ്ടായിരുന്നവരും പറയുന്നു. പോലീസുദ്യോഗസ്ഥന്‍ പ്രമോദ് വെള്ളത്തില്‍ ചാടിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് എസ്.ഐ വിപിന്‍, വനിതാ എസ്.ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ കരക്കെത്തിക്കുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ. വിപിന്റെ മൂന്ന് കൈവിരലുകള്‍ക്കും കല്ലില്‍ കൊണ്ട് മുറിവേറ്റു.

Post a Comment

0 Comments