ബളാലില്‍ യുവാവിന് കോവിഡ് ; മലയോരത്ത് കര്‍ശന നിയന്ത്രണം


വെള്ളരിക്കുണ്ട്: ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മലയോരത്ത് ഭീതി.
അതേസമയം ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജുകട്ടക്കയവും വെള്ളരിക്കുണ്ട് സി.ഐ കെ.പ്രേംസദനും അറിയിച്ചു.
പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പച്ചക്കറി വണ്ടിയിലെ ജോലിക്കാരനായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പില്‍ രോഗം ബാധിച്ച യുവാവ് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകളോട് പരിശോധനക്കെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതോടെ വെള്ളരിക്കുണ്ട് സി. ഐ. പ്രേംസദന്‍. എസ്. ഐ. ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ സ്ഥലത്തെത്തി ഈ ഭാഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ സ്വയം ക്വാറന്റായിനില്‍ പോകണമെന്നും എല്ലാവരും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങി നടക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ഇതിനിടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ പിതാവും വെള്ളരിക്കുണ്ട് ബളാല്‍ എന്നിവിടങ്ങളിലെ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. യുവാവ് പച്ചക്കറി സാധങ്ങള്‍ വിതരണം ചെയ്തിട്ടുള്ള കടകളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട്.

Post a Comment

0 Comments