ബ്ലോക്ക് പ്രസിഡന്റ് വനിതാ ജനറല്‍ സെക്രട്ടറിയെ തെറിവിളിച്ചു; കെ.പി.സി.സി അന്വേഷണത്തിന്


കാസര്‍കോട്: ഡിസിസി ഓഫീസില്‍വെച്ച് ബോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും വനിതാ ഡി.സി.സി ജനറല്‍ സെക്രട്ടറിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. വാക്കുകള്‍ അതിരുവിട്ടതായും പരാതി. ഇതേകുറിച്ച് വനിതാ നേതാവുനല്‍കിയ പരാതിയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി അന്വേഷണം നടത്താന്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറിനെ ചുമതലപ്പെടുത്തി. ഇന്നലെ വൈകീട്ടാണ് ഡി.സി. സി ഓഫീസില്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നത്.
ഉദുമ ബ്ലോക്കില്‍ നിന്നും പെരിയയിലെ വനിതാ നേതാവിനെ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടാക്കാനും, പാലക്കുന്നിലെ സജീവ മഹിളാ പ്രവര്‍ത്തകയെ മഹിളാ കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡണ്ടാക്കാനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവ് എതിര്‍പ്പുമായി രംഗത്ത് വന്നതാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചതത്രെ. മഹിളാ ഭാരവാഹികളായി നിശ്ചയിച്ച രണ്ടുപേരും എ ഗ്രൂപ്പില്‍പ്പെട്ടവരാണ്.
ഡി.സി.സി അംഗീകരിച്ച ഭാരവാഹികളുടെ ലിസ്റ്റില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടപെട്ട് ഭാരവാഹികളെ തീരുമാനിച്ചത് ഐ ഗ്രൂപ്പുകാരിയായ ഡി.സി.സി വനിതാ ജനറല്‍ സെക്രട്ടറി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഐ വിഭാഗം പറയുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആദ്യം ഫോണില്‍ വിളിച്ച് തെറി പറഞ്ഞതായാണ് പരാതി.
ഇതേതുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ഭാരവാഹി നിയമനം സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മഹിളാ നേതാക്കളും ഡി.സി.സി ഭാരവാഹികളും ഒത്തുചേര്‍ന്നപ്പോഴാണ് വീണ്ടും വാക്കേറ്റവും വനിതാ നേതാവിനെ അസഭ്യം പറയുകയും ചെയ്തതെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. ഡി.സി.സി നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ തെറിവിളിച്ച ബ്ലോക്ക് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും വനിതാ നേതാവ് മുന്നറിയിപ്പ് നല്‍കിയതോടെ അനുനയ നീക്കം പൊളിഞ്ഞു.
വനിതാ നേതാവ് അപ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അന്വേഷിക്കാന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിനെ ചുമതലപ്പെടുത്തിയത്. പാര്‍ട്ടി പരിപാടി ഉണ്ടായതിനാല്‍ മുഴുവന്‍ വനിത ഭാരവാഹികളും ഓഫീസില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് മുന്നില്‍ വെച്ചാണ് ഡി.സി.സി വനിതാ നേതാവിനെ തെറിയഭിഷേകം നടത്തിയതെന്നതിനാല്‍ നേതൃത്വം അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉണ്ടായ സംഭവങ്ങള്‍ നേതൃത്വത്തിനും തലവേദയായിട്ടുണ്ട്.

Post a Comment

0 Comments