മെയ്യനങ്ങാതെ ശമ്പളം പറ്റുന്നത് മുന്നൂറിലധികം പോലീസുകാര്‍, പിന്‍വലിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍


കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി രാഷ്ട്രീയ നേതാക്കളോടൊപ്പം സുരക്ഷാച്ചുമതലയുടെ പേരില്‍ നില്‍ക്കുന്നതു മുന്നൂറിലധികം പോലീസുകാര്‍. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ, മെയ്യനങ്ങാതെ ശമ്പളം കൈപ്പറ്റാന്‍ പോലീസുകാര്‍ക്കിടയില്‍ മത്സരമാണ്.
ഒരു എ.ഡി.ജി.പിയുടെ വീട്ടില്‍ സുരക്ഷാച്ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ, എ.ഡി.ജി.പിയുടെ മകള്‍ കൈയേറ്റം ചെയ്തതു വിവാദം സൃഷ്ടിച്ചിരുന്നു. കേസന്വേഷിക്കാന്‍ ആളില്ലെങ്കിലും ഉന്നതരുടെ വീട്ടുവേലയ്ക്കു പോകാന്‍ ചില പോലീസുകാര്‍ക്കു കൊതിയാണ്. സാറിന്റെ മക്കളെ പാട്ടുപഠിപ്പിക്കാനും ഹോംനഴ്‌സാകാനും വണ്ടി ഓടിക്കാനും പട്ടിയെ കുളിപ്പിക്കാനും, കുട്ടികളുടെ ചന്തികഴുകാനും ഇവര്‍ക്കിടയില്‍ മത്സരമാണ്. എ.ഡി. ജി.പി അടക്കമുളള ഉന്നത ഐ.എ.എസ്, ഐ.പി. എസ് ഉദ്യോഗസ്ഥരുടെ വീടുപണിക്കായി മുന്നൂറിലധികം പോലീസുകാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
മിക്ക രാഷ്ട്രീയക്കാരും വിവാഹം ചെയ്തുകൊണ്ടുപോകും പോലെയാണ് ഉദ്യോഗസ്ഥരെ വീട്ടില്‍കൊണ്ടുപോകുന്നത്. മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ ഗണ്‍മാനെ പിന്‍വലിച്ചപ്പോള്‍ വന്‍ സമ്മര്‍ദ്ദമായിരുന്നു ഉണ്ടായത്. ഒടുവില്‍ അദ്ദേഹത്തെ നിലനിര്‍ത്തുകയായിരുന്നു. തലസ്ഥാനത്തെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകളെ പാട്ടുപഠിപ്പിക്കാന്‍ രണ്ടു പോലീസുകാരെ നിയമിച്ചത് വിവാദമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ വീട്ടില്‍ പച്ചക്കറിയും പലചരക്കും വാങ്ങാന്‍ ഓടി നടക്കുന്നത് ഓര്‍ഡലിമാരാണ്.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി, ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍ എന്നിവരോടൊപ്പം വര്‍ഷങ്ങളായി നില്‍ക്കുന്ന പോലീസുകാരുണ്ട്. സി.പി.എം നേതാക്കളോടൊപ്പവും ഇത്തരം ഉദ്യോഗസ്ഥര്‍ നിരവധിയാണ്. നേതാക്കന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി പോലീസുകാരെ ഒപ്പം നിര്‍ത്തുന്നതു വിശ്വാസ്യത കണക്കിലെടുത്താണ്. മാറിവരുന്ന സര്‍ക്കാരുകള്‍ ഇതില്‍ മാറ്റം വരുത്താറില്ല.

Post a Comment

0 Comments