അനേകം പേര്‍ക്ക് ജീവിതം നല്‍കിയ ഹരിദാസ് ഡോക്ടര്‍ വിശ്രമത്തിലാണ്


നീലേശ്വരം: പാമ്പു ചികിത്സക്കായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഒരു ഡോക്ടര്‍ അടുത്തകാലത്തുവരരെ സജീവമായി ചികിത്സാരംഗത്തുണ്ടായിരുന്നു.
അന്ന് ഏത് ഉഗ്രവിഷമുള്ള പാമ്പു കടിച്ചാലും ആളുകള്‍ക്ക് ഒരു പേടിയുമില്ലായിരുന്നു. കാരണം ചികിത്സിക്കാന്‍ ഹരിദാസ് ഡോക്ടറുണ്ടല്ലോ എന്ന ആത്മവിശ്വാസമായിരുന്നു എല്ലാവര്‍ക്കും. പക്ഷെ നാലരപതിറ്റാണ്ടുകാലം നീണ്ടുനിന്ന സേവനത്തിനൊടുവില്‍ ഡോക്ടര്‍ ഇപ്പോള്‍ അനാരോഗ്യം കാരണം വീട്ടില്‍ വശ്രമജീവിതത്തിലായതോടെ ചികിത്സയില്‍ സജീവമല്ലാതായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ആളുകള്‍ക്ക് പേടിയാണ് കാരണം പാമ്പ് കടിച്ചാല്‍ ചികിത്സിക്കാന്‍ ഹരിദാസ് ഡോക്ടര്‍ ഇല്ലല്ലോ എന്നപേടി. മുമ്പൊക്കെ ഏതു പാതിരാത്രിയില്‍ മുട്ടിവിളിച്ചാലും ക്ലിനിക്കാന്റെ വാതില്‍തുറന്ന് രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍ക്ക് ഒരുമടിയും ഇല്ലായിരുന്നു. ഇന്നു പക്ഷെ ഒരു ബൈപാസ് സര്‍ജറി കഴിഞ്ഞശേഷമാണ് അദ്ദേഹം സജീവ ചികിത്സാരംഗത്തുനിന്നും മാറിനില്‍ക്കുന്നത്. വിഷ ചികിത്സയിലൂടെ കാല്‍ലക്ഷത്തിലേറെ പേരെയാണ് ഹരിദാസ് ഡോക്ടര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തെ അറിയാവുന്നവര്‍ക്കാര്‍ക്കും അതില്‍ അതിശയോക്തിയുണ്ടാവില്ല.
ഇന്ന് നീലേശ്വരത്തിന്റെ പരിഛേദമായ ഹരിദാസ് ഡോക്ടര്‍ പക്ഷെ പാലക്കാട്ടുകാരനാണ്. പാലക്കാട് കോങ്ങാട് സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 1968ലാണ് എം.ബി.ബി.എസ് പാസായത്. വയനാട് ഫാത്തിമ മിഷന്‍ ആശുപത്രിയിലായിരുന്നു തുടക്കം. ആദ്യം ചികിത്സയ്ക്കായി എത്തിയത് പാമ്പുകടിയേറ്റ കുട്ടിയായിരുന്നു. ഈ കുട്ടിക്ക് രോഗം ഭേദപ്പെട്ടതോടെയാണ് ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. അന്ന് 11 രൂപയാണ് ആന്റിവെനത്തിന്റെ വിലയെന്ന് ഡോക്ടര്‍ പറയുന്നു. വിഷചികിത്സകനാകാന്‍ കാരണമായ മറ്റൊരുകാര്യം കൂടി ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ ഒരു രോഗിയെ 25 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മഞ്ചലില്‍ ചുമന്ന് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അന്ന് മനസ്സിലുറപ്പിച്ചതാണ് ഡോക്ടറായാല്‍ വിഷചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നത്. നിയോഗമെന്നപോലെ 1971 ല്‍ മടിക്കൈ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ ഇവിടെയും ഏറെകൂടുതല്‍ രോഗികളായെത്തിയത് പാമ്പുകടിയേറ്റവര്‍ തന്നെയായിരുന്നു. ഇതോടെ തന്റെ സേവനത്തിന്റെ ഭൂരിഭാഗവും വിഷചികിത്സയ്ക്കായി മാറ്റിവെച്ചു. വിഷചികിത്സയടങ്ങിയ പുസ്തകങ്ങള്‍ സംഘടിപ്പിച്ച് കൂടുതല്‍ വായിച്ചു. വിഷചികിത്സയെ സംബന്ധിച്ചുള്ള എല്ലാ പുസ്തകങ്ങളും മനഃപാഠമാക്കുകയും ചെയ്തു.
11 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസ് അവസാനിപ്പിച്ചശേഷമാണ് ചിറപ്പുറത്തെ വാടകവീടിനോട് ചേര്‍ന്ന് ക്ലിനിക്കും ആരംഭിച്ചത്. വിഷ ചികിത്സമാത്രമല്ല മുറിവ് തൊട്ട് ക്യാന്‍സര്‍ വരെയുള്ള ചികിത്സയില്‍ അദ്ദേഹം ചികിത്സിച്ചിരുന്നു. വിഷചികിത്സയ്ക്കുള്ള മരുന്നുകള്‍ ബോംബെ ആസ്പിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരുന്നു എത്തിച്ചിരുന്നത്. ചെന്നൈ സ്‌നേക്ക് പാര്‍ക്കിലെ റോബിന്‍ വിത്താര്‍ഫ് ഡോക്ടറെ അന്വേഷിച്ച് ക്ലിനിക്കിലെത്തിയിരുന്നു. അന്തര്‍ദേശീയ വാര്‍ത്താഏജന്‍സിയായ ബി.ബി.സി. സംഘം ഇന്ത്യയില്‍ ഇന്റര്‍വ്യു നടത്തിയ ഏക ഡോക്ടറും ഹരിദാസ് വെര്‍ക്കോട്ടുതന്നെ. അതിലൂടെ അദ്ദേഹത്തിന്റെ പ്രശസ്തി കടല്‍കടക്കുകയും ചെയ്തു. മരുന്നിന്റെ വിലക്ക് പുറമെ തുച്ഛമായ ഫീസാണ് സാധാരണ രോഗികളില്‍ നിന്നും ഇദ്ദേഹം ഈടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഈ ഡോക്ടര്‍ടേഴ്‌സ് ദിനത്തില്‍ ആര്‍ക്കും ഇദ്ദേഹത്തെ മറക്കാനും കഴിയില്ല.
ഭാര്യ: കെ.ഗീത. മക്കള്‍: രാധിക (ദന്തിസ്റ്റ്, യു.കെ), രഞ്ജിത്ത് ഗൗതം (എം.ബി. ബി. എസ്, വിദ്യാര്‍ത്ഥി, മംഗലാപുരം).

Post a Comment

0 Comments