തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എന്‍ഐഎ തിരുവനന്തപുരത്ത് എത്തിച്ചു. അതിരാവിലെ കൊച്ചിയില്‍ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബിലെത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കേസെന്ന നിലയിലാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്നത്. എയര്‍പോര്‍ട്ട് കാര്‍ഗോ അടക്കമുള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
കസ്റ്റഡി കാലാവധി തീരുന്ന സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതിയിലെത്തിച്ചു. കസ്റ്റഡി കാലാവധി തീര്‍ന്നതിനാലാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍ഐഎ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ട് വച്ചത്. 24 വരെയാണ് കസ്റ്റഡി.
അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ നല്കിയ ജാമ്യ ഹര്‍ജി 24 ന് പരിഗണിക്കും.
0 Comments