എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പരിശോധിക്കണമെന്ന് ആവശ്യം


കൊല്ലം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ 22 ദിവസത്തിനിടെ മാത്രം 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകുകയും അതിലേറെ പേര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്തതോടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകള്‍ രംഗത്തെത്തി.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇ സി ജി ടെക്‌നീഷ്യന്‍, ആശുപത്രികളിലെ ശുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ഒപി വിഭാഗത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ ഇങ്ങനെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ നിരവധിയാണ്. ഇതുവരെ ഇരുന്നൂറിലധികം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ അതിനിരട്ടിയിലേറെപേര്‍ നിരീക്ഷണത്തില്‍ പോയി. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവരില്‍ ഭൂരിഭാഗത്തിനും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ ഉണ്ടായത്. പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടും രോഗം പിടിപെട്ടവരുമുണ്ട്. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ സര്‍ക്കാര്‍ മേഖലയെന്ന വ്യത്യാസമില്ലാതെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും പരിശോധിക്കണമെന്ന നിര്‍ദ്ദേശം ഉയരുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് കൊവിഡ് ചികിത്സയെ ബാധിക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും നിരവധി ഒഴിവുകളുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍പേരെ താല്‍കാലികമായി നിയമിക്കുകയോ നിലവിലുള്ള പി എസ് സി പട്ടികയില്‍ നിന്ന് നിയമനം നടത്തുകയോ വേണമെന്നാണാവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments