ഫൈസലിന് ജാമ്യമില്ലാ വാറണ്ട്; ഇന്റര്‍പോളിന്റെ സഹായം തേടും


കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ദുബായിലുള്ള ഫൈസല്‍ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്‍കി.
കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
യുഎഇയില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ ഫരീദാണെന്നും നേരത്തെ എഫ്‌ഐആറില്‍ ചേര്‍ത്ത പേരും വിലാസവും തിരുത്തണമെന്നും ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഫൈസല്‍ ഫരീദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എന്‍ഐഎയും നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതിയില്‍ അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസില്‍ ഫരീദിനെ മൂന്നാം പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ വിലാസം തെറ്റിയെന്ന് എന്‍ഐഎയ്ക്ക് ബോധ്യമായി.
സ്വപ്നയുടെയും സന്ദീപിന്റെയും സ്വര്‍ണ്ണകള്ളക്കടത്ത് പല പ്രമുഖരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും ഭീതിയിലാണ്. ഒരാഴ്ചക്കുള്ളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

Post a Comment

0 Comments