മക്കള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, ഹൈക്കോടതി ഹര്‍ജി തള്ളി


കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹ്നക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍ എല്‍ രഹ്നയെ സര്‍വ്വീസില്‍നിന്ന് പുറത്താക്കിയിരുന്നു.പോലീസ് സംരക്ഷണത്തോടെ രഹ്നഫാത്തിമ ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം സംഘടിപ്പിച്ചത്. എന്നാല്‍ രഹ്ന ഫാത്തിമ അടക്കമുള്ള സ്ത്രീകള്‍ക്ക് അന്ന് ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. ശബരിമല ഭക്തരുടെ ശക്തമായ എതിര്‍പ്പുമൂലം ദര്‍ശനം നടത്താതെ മടങ്ങേണ്ടിവന്നു.

Post a Comment

0 Comments