ഐ.ടി വകുപ്പ് ജോലിക്കായി സ്വപ്ന സമര്‍പ്പിച്ചത് യു.എ.ഇ എംബസിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്


തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷിനെ സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയെന്ന യുഎഇ കോണ്‍സുലേറ്റിന്റെ വാദം ശരിയല്ലെന്ന് സൂചന. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയാണെന്ന് യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.
കോണ്‍സുലേറ്റില്‍ നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന ഐ.ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയതെന്നാണ് സംശയം. വിഷന്‍ ടെക്കില്‍ മജാലിക്ക് സമര്‍പ്പിച്ചത് ഈ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈല്‍ അല്‍ സാബി ആണ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെട്ടുത്തിയിരിക്കുന്നത്.
അതിനിടെ, സ്വപ്ന മഹാരാഷ്ട്രയിലെ ഡോ.ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടിയതായും സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയവും നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വപ്ന പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നാണ് തന്റെ അറിവെന്ന് അമേരിക്കയിലുള്ള സഹോദരന്‍ ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. ഇതോടെ സ്വപ്നയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്.

Post a Comment

0 Comments