പാറക്കടവ് കാട്ടാന ഭീതിയില്‍; വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു


പാണത്തൂര്‍: റാണിപുരം വനമേഖലയില്‍ കാട്ടാന ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുകയാണ് 11 ഓളം കുടുംബങ്ങള്‍.
കഴിഞ്ഞ ഒരുമാസത്തിലേറെയായി കാടിറങ്ങിയ കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കാട്ടാനഭീതിയില്‍ കൂലിവേലക്ക് പോകാന്‍ പോലും ജനങ്ങള്‍ ഭയക്കുകയാണ്.
പാറക്കടവിലെ കുറത്തിപാടിയില്‍ ബാലകൃഷ്ണന്റെ കായ്ഫലമുള്ള മൂന്ന് തെങ്ങുള്‍പ്പെടെ 30 ഓളം തെങ്ങുകളും 60 കവുങ്ങുകളും 150 ഓളം വാഴകളും തൊട്ടടുത്ത ജോയി ജോസഫിന്റെ 20 തെങ്ങുകള്‍, 60 കവുങ്ങ്, കുരുമുളക് വള്ളി, വാഴ തുടങ്ങിയവയും കഴിഞ്ഞ ദിവസം കാട്ടാനകള്‍ നശിപ്പിച്ചു. ഒറ്റയായും കൂട്ടമായും ഇറങ്ങുന്ന കാട്ടാനകള്‍ നിരവധി ആളുകളുടെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചറേയും ജോലിക്കുപോവുകയായിരുന്ന ഒരു കൂലിതൊഴിലാളിയേയും കാട്ടാന വിരട്ടിയോടിച്ചു. ശബ്ദം ഉണ്ടാക്കിയും വെടിപൊട്ടിച്ചും കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമവും പാഴായി. കാട്ടാനയുടെ ഭീഷണിയെ തുടര്‍ന്ന് 11 ഓളം കുടുംബങ്ങളും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
കാട്ടാനയുടെ അക്രമണം തടയാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വനവകുപ്പോ മറ്റ് അധികൃതരോ ഇതുവരെയും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന്‌നാട്ടുകാര്‍ പരാതിപ്പെടുന്നു.

Post a Comment

0 Comments