കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞത് വിവാദമായി


മംഗലാപുരം: കര്‍ണാടകയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ച എട്ടുപേരുടെ മൃതദേഹങ്ങള്‍ മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്യുകയും കുഴിമാടത്തിലേക്കു വലിച്ചെറിയുകയും ചെയ്ത സംഭവം വിവാദമായി.
ബെല്ലാരിയിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവം വിവാദമായതോടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലാ ഭരണകൂടം പുറത്താക്കി. സംസ്‌കരിക്കാന്‍ കൊണ്ടുപോയ മൃതദേഹങ്ങളാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തത്. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജീവനക്കാരെ പുറത്താക്കിയത്. ഇതിന് ഉത്തരവാദികളായ ഫീല്‍ഡ് ടീമിനെ മുഴുവന്‍ പുറത്താക്കി. ഇവര്‍ക്കു പകരം പുതിയ വിഭാഗം സംഘത്തെ പരിശീലിപ്പിക്കുമെന്നു ബെല്ലാരി ഫൊറന്‍സിക് വിങ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. എസ് നകുല്‍ പറഞ്ഞു. അഞ്ചിലധികം പുരുഷന്മാര്‍ നിഷ്‌കരുണം മൃതദേഹങ്ങളടങ്ങിയ വലിയ കറുത്ത ബാഗുകള്‍ കുഴിയിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളും മറ്റും സംസ്‌കരണ ചടങ്ങില്‍ സംബന്ധിച്ചിരുന്നില്ല. മാസ്‌ക്, കൈയുറകള്‍, വെള്ളയും നീലയും നിറത്തിലുള്ള പകുതി സ്ലീവ് ടിഷര്‍ട്ട് എന്നിവ ധരിച്ച ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കുഴിയുടെ മറുവശത്തേക്ക് പോകുന്നതും ദൃശ്യത്തില്‍ പതിഞ്ഞിരുന്നു. വിഡിയോയില്‍ മൂന്നു മൃതദേഹങ്ങള്‍ കുഴിയിലേക്കു വലിച്ചെറിയുന്നതായി കാണുകയും കുഴിമാടത്തിനടുത്ത് ഒരു ജെ.സി.ബി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വിഡിയോകള്‍ ബെല്ലാരിയിലേതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം ഏറെ ഖേദിക്കുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും ക്ഷമ ചോദിക്കുന്നതായും ബെല്ലാരി ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments