നഗരസഭാ ഭരണം: കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയില്ലെന്ന് മാണിയൂര്‍


നീലേശ്വരം: നീലേശ്വരം നഗരസഭാ ഭരണം പങ്കിടുന്ന കാര്യത്തില്‍ ഒരു നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുനിസിപ്പല്‍ മുസ്ലീംലീഗ് പ്രസിഡണ്ട് സി.കെ.കെ.മാണിയൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലീഗിന്റെ ഭാഗത്തുനിന്ന് ആരും തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല. വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയല്ല ലീഗ്. സ്വപ്നത്തില്‍ കൂടി സ്ഥാനമാനങ്ങള്‍ വീതം വെക്കുന്ന പരിപാടി മുസ്ലീംലീഗിനില്ല. ഇതുവരെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിക്കുന്ന കൗണ്‍സിലര്‍മാര്‍ കൂടിചേര്‍ന്നാണ് ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. അല്ലാതെ ഭാവിയില്‍ വന്നേക്കാവുന്ന കാര്യങ്ങള്‍ മുസ്ലീംലീഗ് സ്വപ്നം കാണാറില്ല. വ്യക്തിയല്ല പാര്‍ട്ടിയാണ് മുസ്ലീംലീഗില്‍ പ്രാധാന്യം. അതുകൊണ്ടുതന്നെ നീലേശ്വരം നഗരസഭ ഭരണപങ്കാളിത്തത്തെകുറിച്ച് മുനിസിപ്പല്‍ മുസ്ലീംലീഗ് പ്രസിഡണ്ടെന്ന രീതിയില്‍ താനോ മറ്റേതെങ്കിലും നേതാവോ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മാമുനി അനുകൂല കോണ്‍ഗ്രസ് യോഗത്തില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സി.കെ.കെ.മാണിയൂരുമായി സംസാരിച്ച് ധാരണയിലെത്തിയതായി മാമുനി പറഞ്ഞിരുന്നു. ഇതാണ് മാണിയൂരിന്റെ പ്രസ്താവനയിലൂടെ പൊളിഞ്ഞിരിക്കുന്നത്.

Post a Comment

0 Comments