മിലിട്ടറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവാവില്‍ നിന്നും അരലക്ഷം തട്ടി


രാജപുരം: മിലിട്ടറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തിയ ആള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ബൈക്ക് നല്‍കാമെന്ന് പറഞ്ഞ് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കോളിച്ചാല്‍ പുതുപ്പറമ്പിലെ ആദര്‍ശ് സജിയുടെ പരാതിയിലാണ് രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് നടത്തിയ ഫേസ് ബുക്ക് പേജിന്റെ വിലാസത്തിലുള്ളയാളെ കണ്ടെത്താനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
സ്വപ്ന എന്ന ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പുകാരന്‍ സെക്കന്റ് ഹാന്റ് ബൈക്ക് വില്‍പ്പന നടത്തുന്നുവെന്ന പരസ്യം നല്‍കിയത്. ഇത് കണ്ടതിനെതുടര്‍ന്നാണ് ആദര്‍ശ് ഈ പേജില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് കച്ചവടം ഉറപ്പിക്കുകയും അഡ്വാന്‍സ് തുക അയച്ചുകൊടുക്കുകയും ചെയ്തു. ബാംഗ്ലൂരുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായ രാജേന്ദര്‍ ബി ഷ്‌ണോയ് എന്നാണ് ഫേസ് ബുക്ക് അക്കൗണ്ടുകാരന്‍ ആദര്‍ശിനെ പരിചയപ്പെടുത്തിയത്. ഇത് വിശ്വസിപ്പിക്കാനായി ആര്‍മി യൂനിഫോമിലുള്ള വീഡിയോയും ആദര്‍ശിന് അയച്ചുകൊടുത്തു. തുടര്‍ന്നാണ് ബൈക്ക് വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ആദര്‍ശ് പാര്‍സല്‍ ചാര്‍ജായി ആവശ്യപ്പെട്ട 6500 രൂപയും വാഹനത്തിന്റെ അഡ്വാന്‍സ് തുകയായി 24000 രൂപയും ഗൂഗില്‍ പ്ലേ വഴി അയച്ചുകൊടുത്തത്. ആര്‍മിയുടെ പാര്‍സല്‍ സര്‍വീസില്‍ ജൂലായ് 15ന് ബൈക്ക് കയറ്റി അയച്ചതായി കാണിച്ച് ആദര്‍ശിന് ബില്ലും ലഭിച്ചു. തുടര്‍ന്ന് അഡ്രസ് ലൊക്കേറ്റ് ചെയ്യാന്‍ ജി.പി.എസ് സര്‍വ്വീസ് തുകയായി 14,700 രൂപയും ആവശ്യപ്പെട്ടു. പിന്നീട് ചെക്ക് പോസ്റ്റില്‍ നികുതി അടക്കണമെന്നും ഇയാള്‍ ആദര്‍ശോട് പറഞ്ഞു. ഇതോടെ സംശയം തോന്നിയ ആദര്‍ശ് ആര്‍മി ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടയാളുടെ തിരിച്ചറിയില്‍ കാര്‍ഡ് യുവാവ് ആവശ്യപ്പെട്ടു.
കാര്‍ഡ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ആദര്‍ശ് ബാംഗ്ലൂരിലെ പാര്‍സല്‍സര്‍വീസ് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ സ്ഥാപനം അടച്ചുപൂട്ടിയിട്ട് രണ്ടുവര്‍ഷത്തോളമായെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് യപോലീസില്‍ പരാതി നല്‍കിയത്. കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിന്റെ ചിത്രം കാണിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

Post a Comment

0 Comments