സ്വപ്നക്ക് കേന്ദ്രത്തിലും സ്വാധീനം; അന്വേഷണ ഉദ്യോഗസ്ഥരെ മാററി


തിരുവനന്തപുരം: വിവാദമായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ പത്തുപേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫാണ് ഉത്തരവ് ഇറക്കിയത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സുമിത് കുമാര്‍ അറിയാതെയാണ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന.
സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ ആഴങ്ങളിലേക്ക് കടക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. പെട്ടെന്നുണ്ടായ സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണോ എന്നും സംശയിക്കുന്നുണ്ട്.
എന്തായാലും, തന്നെ അറിയിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അദ്ദേഹം ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരവ് റദ്ദാക്കിയിട്ടില്ല.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറ്റ് യൂണിറ്റുകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് അന്വേഷണത്തിന്റെ ഇപ്പോഴത്തെ ഗതിയെ പൂര്‍ണമായും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
കേസില്‍ ഇതിനകം 15 ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുബായില്‍ നിന്ന് സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി ഇന്ത്യയിലേക്ക് അയച്ചുവെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇയാള്‍ ഇപ്പോള്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ്.

Post a Comment

0 Comments