കാസര്‍കോട്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്. ഇരുപത്തിയാറ് ജീവനക്കാര്‍ ക്വാറന്റീനിലാണ്. കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ബീവറേജില്‍ പരിശോധനക്ക് എത്തിയിരുന്നതിനാല്‍ വെള്ളരിക്കുണ്ട് ബീവറേജ് അടച്ചു. ജീവനക്കാരെല്ലാം ക്വാറന്റീനില്‍ പോയി. ഇവിടെ മദ്യം വാങ്ങാനെത്തിയവര്‍ ആശങ്കയിലാണ്. അതേ സമയം വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികളും പഞ്ചായത്തിലെ ജീവനക്കാരും ക്വാറന്റീനില്‍ പോയി.
കാസര്‍കോട് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കുമ്പള സ്റ്റേഷനിലെ പോലീസുകാരനും, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സ്രവ പരിശോധന ലാബിലെ ഹെല്‍ത്ത് ഇന്സ്പെക്റ്ററും ഉള്‍പ്പെടുന്നു. കാസര്‍കോട് നഗരസഭയില്‍ മാത്രം 10 പേര്‍ക്കാണ് രോഗം ബാധിച്ചത്.
0 Comments