കോടോം- ബേളൂര്‍ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂന്നുപേര്‍


ഒടയംചാല്‍: അടുത്ത് നടക്കാനിരിക്കുന്ന കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം തരപ്പെടുത്താന്‍ മൂന്നുപേര്‍ ശ്രമം തുടങ്ങി.
പഞ്ചായത്ത് മെമ്പര്‍ എ.സി.മാത്യു, സിപിഎം മുന്‍ ഏരിയാസെക്രട്ടറി ടി.കോരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ദാമോദരന്‍ എന്നിവരാണ് പ്രസിഡണ്ടിന്റെ കസേര ലക്ഷ്യമിട്ട് കരുക്കള്‍ നീക്കിതുടങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനം സംവരണമായിരുന്നു. ഇത്തവണ ജനറല്‍ ആകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് നേതാക്കളും പ്രസിഡണ്ടിന്റെ കസേര സ്വപ്നം കാണുന്നത്. ടി.കോരന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ കമ്മറ്റിയില്‍ കോരനെ ഉള്‍പ്പെടുത്തിയില്ല. ഏരിയാസെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന കോരന് എന്തെങ്കിലും പദവികൊടുക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് ആഗ്രഹമുണ്ട്. പക്ഷേ ഇത് നിലവിലുള്ള ഏരിയാസെക്രട്ടറി എം.വി.കൃഷ്ണന്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. എ.സി.മാത്യുവാണ് എം.വി.കൃഷ്ണന്റെ മാനസപുത്രന്‍. പനത്തടി ഏരിയയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവാണ് എം.വി.കൃഷ്ണന്‍. അതുകൊണ്ട് എ.സി.മാത്യു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് കഴിഞ്ഞ കാലങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും പടലപിണക്കങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വളരെ എളുപ്പത്തില്‍ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം പിടിക്കാന്‍ കഴിയും. നിലവില്‍ 19 വാര്‍ഡുകളില്‍ 14 വാര്‍ഡും എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍മാത്രമാണ് ഉള്ളത്. മുസ്ലീംലീഗിനും ബി.ജെ.പിക്കും ഓരോസീറ്റുകളുണ്ട്. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ല. ഇടക്കിടെ മണ്ഡലം പ്രസിഡണ്ടിനെ മാറ്റും. ഏറ്റവും ഒടുവില്‍ അടുക്കം ബാ ലചന്ദ്രന്റെ പക്കലാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനം ചെന്നെത്തിയത്. അദ്ദേഹത്തിന് ചുമതലയേല്‍ക്കാന്‍ പോലും കഴിയുന്നില്ല. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ ടി.എം.മാത്യു മണ്ഡലത്തില്‍ യുഡിഎഫിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയെങ്കിലും മാത്യു ഇറ്റലിയിലേക്ക് കടന്നതോടെ സിപിഎമ്മിന് ആ തലവേദനയും മാറികിട്ടി. മുമ്പ് സിപിഎമ്മുമായി യുദ്ധത്തിലേര്‍പ്പെട്ട സോമിമാത്യുവാകട്ടെ ഇപ്പോള്‍ സിപിഎമ്മുമായി സൗഹൃദത്തിലാണ്. മകന്‍ വിനോദ് സോമി സിപിഎം സഹയാത്രികനാണ്. സിപിഎം നിയന്ത്രണത്തിലുള്ള വ്യാപാരികളുടെ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടാണ് വിനോദ് സോമി.
വരുംകാലങ്ങളില്‍ സോമിമാത്യു സിപിഎമ്മുമായി കൂടുതല്‍ അടുത്താല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

Post a Comment

0 Comments