കാഞ്ഞങ്ങാട് : അജാനൂര്‍ കൊളവയല്‍ ആദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ അജാനൂര്‍ കൊത്തിക്കാല്‍ കടപ്പുറത്ത് പിതൃബലിതര്‍പ്പണം നടത്തി.
കൊറോണ നിയന്ത്രണം കാരണം നമ്മുടെ ജില്ലയിലെ തന്നെ പ്രധാന ക്ഷേത്രമായ തൃക്കണ്ണാട് അടക്കുമുള്ള ക്ഷേത്രങ്ങളില്‍ ഇപ്രാവശ്യം ബലി തര്‍പ്പണം ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കൊളവയല്‍ അദ്ധ്യാത്മിക സമിതി ആദ്യമായി ഈ ചടങ്ങ് നടത്തിയത്. കൊറോണ മാനദണ്ഡം കൃത്യമായ സാമൂഹ്യ അകലം പാലിച്ചു കൊണ്ട് 10ല്‍ താഴെ ആളുകളെ ഉള്‍പ്പെടുത്തിയാണ് ബലികര്‍മം നടത്തിയത്. ശശി അജാനൂര്‍ ദീപം തെളിച്ചുകൊണ്ട് ആരംഭിച്ച ബലി കര്‍മത്തിന് രാമകൃഷ്ണന് കൊത്തിക്കാല്‍ കാര്‍മികത്വം വഹിച്ചു. വരും നാളുകളില്‍ അജാനൂര്‍ കടപ്പുറം കേന്ദ്രീകരിച്ച് വിപുലമായി നടത്താനുള്ള ആലോചനയും അദ്ധ്യാത്മിക സമിതി നടത്തുന്നുണ്ട്.
കടപ്പുറത്ത് ബലിതര്‍പ്പണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ വിളിച്ചുചേര്‍ത്ത എല്ലാ ക്ഷേത്ര ഭാരവാഹികളുടെയും യോഗത്തില്‍ തീരൂമാനമെടുത്തിരുന്നു. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിന് എത്താറുള്ള തൃക്കണ്ണാട് കടപ്പുറത്തും ഇത്തവണ ബലിതര്‍പ്പണം നടത്തിയില്ല. ബലിതര്‍പ്പണം വീടുകളില്‍ മാത്രമേ നടത്താവൂ എന്ന് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ചുകൊണ്ടാണ് കൊളവയല്‍ ആദ്ധ്യാത്മിക സമിതിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തിയത്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടവും പോലീസും പറഞ്ഞു.
0 Comments