പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം


ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
2014ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്പോള്‍ രാജകുടുംബത്തിന് അനുകൂലമായ രീതിയില്‍ കേസ് മാറി മറിഞ്ഞതായാണ് വിധിയില്‍ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിന്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു.

Post a Comment

0 Comments