ജോലികുറഞ്ഞ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി


വെള്ളരിക്കുണ്ട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലികുറഞ്ഞ് വരുമാനം നഷ്ടമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.
കൊന്നക്കാട് പറമ്പ കുറ്റിത്താനിയിലെ കിന്യംവീട്ടില്‍ രാജന്റെ മകന്‍ രാജേന്ദ്രനാണ് (18) വീട്ടിനടുത്തുള്ള മരക്കൊമ്പില്‍ കെട്ടിതൂങ്ങി മരിച്ചത്.
ടയര്‍ റിസോള്‍ ജോലിക്കാരനായിരുന്ന രാജേന്ദ്രന് കോവിഡിനെ തുടര്‍ന്ന് കാര്യമായ ജോലി ലഭിച്ചിരുന്നില്ല. ഇതോടെ വരുമാനം കുറഞ്ഞ രാജേന്ദ്രന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവത്രെ. മറ്റു ജോലികളൊന്നും അറിയാത്തതിനാല്‍ താന്‍ ജീവനൊടുക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രാജേന്ദ്രന്റെ പിതാവ് ഇരുകാലുകള്‍ക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. കുടുംബത്തിന്റെ ഏക അത്താണിയാണ് രാജേന്ദ്രന്‍. വീട്ടിലെ സാഹചര്യം മനസ്സിലാക്കി ഒമ്പതാംക്ലാസില്‍ പഠനം നിര്‍ത്തി ടയര്‍ റിസോളിംഗ് ജോലിക്ക് പോവുകയായിരുന്നു. കുടുംബചിലവും സഹോദരിമാരുടെ പഠിപ്പും മറ്റ് ചിലവുകളും താങ്ങാന്‍ കഴിയാതെയാണ് ജീവനൊടുക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ രാവിലെ മുതല്‍ വീട്ടില്‍ നിന്നും കാണാതായ രാജേന്ദ്രനുവേണ്ടി നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് വീടിനടുത്തുള്ള കൊല്ലിക്കരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഗിണിയാണ് മാതാവ്. രാജേഷ്, രമ്യ, ശോഭ എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments