നഗരസഭാ തിരഞ്ഞെടുപ്പ്: മാമുനിപക്ഷവും എറുവാട്ട് പക്ഷവും പോര്‍മുഖത്ത്


നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ യുഡിഎഫിന് ഭരണം കിട്ടിയാല്‍ ആരൊക്കെ തലപ്പത്തുണ്ടാകണമെന്നതിനെ കുറിച്ച് കഴിഞ്ഞദിവസം നടന്ന മാമുനി പക്ഷം നേതൃത്വയോഗത്തില്‍ ധാരണ.
നേരത്തെ എറുവാട്ട്, ഷജീര്‍ പക്ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി കണ്ടുവെച്ച ബിന്ദുസതീഷിന്റെ പേര് തള്ളി പകരം കെ.എം.തമ്പാന്റെ ഭാര്യ രാധാകുറുവാട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ധാരണയായത്. നിലവില്‍ നീലേശ്വരം വനിതാ സഹകരണ സംഘം ഡയറക്ടറാണ് രാധ. വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടി കോണ്‍ഗ്രസ് ഏറ്റെടുക്കും. പകരം മുസ്ലീംലീഗിന് പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ മുസ്ലീംലീഗ് മുന്‍സിപ്പല്‍ മുസ്ലീംലീഗ് പ്രസിഡണ്ട് സി.കെ.കെ.മാണിയൂരുമായി ധാരണയുണ്ടാക്കിയെന്നും യോഗത്തില്‍ മാമുനി അവകാശപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ ഡിസിസി സെക്രട്ടറി മാമുനി വിജയനായിരിക്കും വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇതോടെ നീലേശ്വരത്ത് യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പായി. ഭരണം ലഭിച്ചാല്‍ മുസ്ലീംലീഗിലെ ഒരുവിഭാഗം വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്ന് ഉറച്ചുനില്‍ക്കും. അങ്ങനെ സംഭവിച്ചാല്‍ മാമുനിയുടെ സ്വപ്നങ്ങള്‍ കാറ്റില്‍പറക്കും. എറുവാട്ട് മോഹനന്‍, ഇ.ഷജീര്‍, രമേശന്‍ കരുവാച്ചേരി എന്നിവരെ തിരഞ്ഞെടുപ്പ് രംഗവുമായി അടുപ്പിക്കേണ്ടതില്ലെന്ന യോഗ തീരുമാനം പുറത്തായതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ ഐഎന്‍സിയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ജന്മദേശം വാര്‍ത്ത ചൂടേറിയ ചര്‍ച്ചക്ക് വഴിയൊരുക്കി. രൂക്ഷമായ വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളുമാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉയരുന്നത്.
ഇതിനിടയില്‍ മൂന്നുപേരെയും അകറ്റിനിര്‍ത്താനുള്ള തീരുമാനം നേതൃയോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മാമുനിപക്ഷം നേതാക്കള്‍ രംഗത്തുവന്നുവെങ്കിലും ഇത്തരത്തില്‍ ഏകപക്ഷീയമായ യോഗം വിളിച്ചുചേര്‍ക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നാണ് എറുവാട്ട്, ഷജീര്‍ പക്ഷത്തിന്റെ ചോദ്യം. മണ്ഡലം പ്രസിഡണ്ട് പി.രാമചന്ദ്രന്‍ ഈയൊരു ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതുതന്നെ സംഘടനാ വിരുദ്ധപ്രവര്‍ത്തനമാണെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പടിഞ്ഞാറ്റംകൊഴുവലില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി വന്‍ വിവാദമുണ്ടാകുമെന്ന് ഉറപ്പായി. ബിന്ദുവിനെ തള്ളി രാധയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിമതനീക്കവുമായി മറുപക്ഷം രംഗത്തുവരുമെന്നുറപ്പാണ്. നഗരസഭയുടെ ആദ്യ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അനുഭവം ആവര്‍ത്തിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന. അന്ന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.രാധമ്മക്കെതിരെ പി.നളിനി റിബലായി മത്സരിച്ച് ജയിച്ചിരുന്നു. കോണ്‍ഗ്രസിലെ ഭിന്നത തുടര്‍ന്നാല്‍ ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിക്കാന്‍ സാധ്യത ഏറെയാണ്.
കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കുന്നത് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചിട്ടുണ്ട്.

Post a Comment

0 Comments