മാനദണ്ഡങ്ങള്‍ ലംഘിച്ച് എഫ്.സി.ഐ തൊഴിലാളികളെ സ്ഥലംമാറ്റാന്‍ നീക്കം


നീലേശ്വരം: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നീലേശ്വരം ഡിപ്പോയില്‍ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് തൊഴിലാളികളെ കോഴിക്കോട് ഡിപ്പോയിലേക്ക് മാറ്റാന്‍ നീക്കം.
കൊവിഡ് രോഗം വ്യാപകമായി പടരുന്നതിന്റെ ഇടയിലാണ് തൊഴിലാളികളെ അന്യജില്ലകളിലേക്ക് സ്ഥലം മാറ്റാനുള്ള നീക്കം എഫ്.സി.ഐ മാനേജ്‌മെന്റ് നടത്തുന്നതെന്നാണ് ആക്ഷേപം.
നീലേശ്വരത്ത് ഇപ്പോള്‍ തന്നെ 25 സ്ഥിരം തൊഴിലാളികളാണുള്ളത്. 40 ഓളം തൊഴിലാളികളെ ദിവസക്കൂലിയില്‍ വെച്ചാണ് ഇപ്പോള്‍ കയറ്റിറക്ക് കൊണ്ടുപോകുന്നത്. കൊവിഡ് കാലത്ത് അധിക റേഷനും മറ്റും കൊടുക്കുന്നതിനാല്‍ നീലേശ്വരത്ത് ജോലിഭാരം കൂടുതലാണെന്നും പറയുന്നു. 21 വാഗണുകള്‍ ഇവിടെ എത്തുന്നുമുണ്ട്.
ഇത്രയെല്ലാമുണ്ടായിട്ടും തൊഴിലാളികളെ അന്യജില്ലകളിലേക്ക് മാറ്റാനുള്ള എഫ്. സി.ഐ മാനേജ്‌മെന്റിന്റെ നീക്കം ദുരൂഹമാണെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളെ മാറ്റി ജോലികള്‍ സ്വകാര്യ കരാറുകാരന് നല്‍കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നും തൊഴിലാളികള്‍ പറയുന്നു. അഖിലേന്ത്യാ തലത്തില്‍ തന്നെ 200 ഓളം എഫ്.സി.ഐ ഗോഡൗണുകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കവും നടക്കുന്നുണ്ട്. കേരളത്തില്‍ രണ്ട് ഡിപ്പോ സ്വകാര്യവല്‍ക്കരിക്കാനുള്ള ലിസ്റ്റില്‍ ഇപ്പോഴുണ്ടെന്നറിയുന്നുവെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴുള്ള തൊഴിലാളികളില്‍ മിക്കവരും സര്‍വ്വീസില്‍ നിന്ന് പിരിയാന്‍ ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഇതെല്ലാം അവഗണിച്ചാണ് സ്ഥലം മാറ്റനീക്കം.

Post a Comment

0 Comments