അന്ന് സരിതയുടെ ചിത്രം ആഘോഷമാക്കി; ഇന്ന് സ്വപ്നയുടെ ചിത്രം തിരിച്ചടിക്കുന്നു


കോട്ടയം: സോളാര്‍ വിവാദം കത്തിനില്‍ക്കെ ഉമ്മന്‍ ചാണ്ടിക്കു സമീപം സരിത നായര്‍ നില്‍ക്കുന്ന ചിത്രം ഏറെ ആഘോഷമാക്കിയതിന്റെ തിരിച്ചടിയാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വര്‍ണ്ണ നായിക സ്വപ്നാ സുരേഷിന്റെ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഏറെ പ്രതിസന്ധിയിലാക്കിയതായിരുന്നു ഉമ്മന്‍ ചാണ്ടിക്കു സമീപം സരിത നായര്‍ നില്‍ക്കുന്ന ചിത്രം. സരിതയെ തനിക്കു നേരിട്ടറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി വാദിക്കുന്നതിനിടെയാണ് ആ ചിത്രം പുറത്തുവന്നത്.
കടപ്ലാമറ്റത്ത് ഒരു കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനവേദിയിലിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സരിത അടക്കംപറയുന്ന മട്ടിലുള്ള ചിത്രം ഇടതു മുന്നണി വലിയ പ്രചാരണവിഷയമാക്കി. തന്നെക്കണ്ട് പരാതി പറയാന്‍ പലരും വരാറുണ്ടെന്നും പലരും ആരാണെന്ന് ശ്രദ്ധിക്കാറില്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇടതു മുന്നണിയുടെ ശബ്ദഘോഷത്തില്‍ മുങ്ങിപ്പോയി. ഇതേരീതിയിലാണ് സ്വര്‍ണക്കടത്തിലെ ആരോപണവിധേയയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ അരികില്‍ നില്‍ക്കുന്ന ചിത്രം പ്രചരിക്കുന്നത്. 2017 ല്‍ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് നടത്തിയ ഇഫ്താര്‍ വിരുന്നിലേതാണ് ചിത്രങ്ങള്‍. ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാനായി സരിതയ്‌ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചവര്‍ ഇപ്പോള്‍ പിണറായി സ്വപ്ന ചിത്രത്തിനു വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ്.
സരിതയും ഉമ്മന്‍ ചാണ്ടിയുമുള്ള ചിത്രവുമായി സി.പി. എം അക്കാലത്തു നടത്തിയ പ്രക്ഷോഭത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം വലിയ വാര്‍ത്തയായിരുന്നു. 'ഒരു മുഖ്യമന്ത്രിയെ ഒരാള്‍ കാണുന്നതില്‍ എന്താണു തെറ്റ്. പക്ഷേ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നു. നിവേദനം തരാനായി മുഖ്യമന്ത്രിയെ സമീപിക്കുന്നവര്‍ ഒരു പുരുഷനാകട്ടെ, സ്ത്രീയാകട്ടെ അവര്‍ എവിടെയാണു നില്‍ക്കുക.
തൊട്ടുമുന്നിലാണ് നില്‍ക്കുക. നമ്മള്‍ കണ്ട ചിത്രമെന്താ മുന്നിലല്ലല്ലോ സരിത. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരിയായ ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ തൊട്ടരികില്‍ പോയി നിന്ന് കാതില്‍ കിന്നാരമല്ല ഗൗരവമുളള കാര്യമായിരിക്കും പറയുന്നത്. അതാണ് നമ്മള്‍ കണ്ടത്. എന്താണ് അതിന്റെ അര്‍ത്ഥം? എന്താണ് ആ ബന്ധം? നിങ്ങള്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരമല്ലേ തകര്‍ന്നത്. നിങ്ങള്‍ എന്നിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതിന്റെ ഔചിത്യമെന്ത്? എന്നായിരുന്നു പിണറായിയുടെ ചോദ്യം. അതുതന്നെയാണ് ഇപ്പോള്‍ യുഡിഎഫുകാരും ചോദിക്കുന്നത്.

Post a Comment

0 Comments