ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അംഷിപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ്, സിആര്‍പിഎഫ്, ആര്‍ആര്‍ 62 എന്നിവയുടെ സംയുക്തസേന നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ സംയുക്തസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ചയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഭീകരരും സുരക്ഷാസേനയും തമ്മില്‍ വിവിധ ഏറ്റുമുട്ടലില്‍ 133 ഭീകരരെ ഇക്കൊല്ലം സേന വധിച്ചു. ഇതില്‍ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
0 Comments