മംഗലാപുരംവഴിയും സ്വര്‍ണ്ണം കടത്തി; കാരിയര്‍മാര്‍ നടികള്‍, വില്‍പ്പന നടത്തിയത് വടക്കന്‍ കേരളത്തിലെ ജ്വല്ലറികളില്‍


കാസര്‍കോട്: സ്വപ്നയും സന്ദീപു ചേര്‍ന്ന് മംഗലാപുരം എയര്‍പോര്‍ട്ട് വഴിയും സ്വര്‍ണം കടത്തിയെന്നു കസ്റ്റംസ്. ദുബായില്‍നിന്ന് ബാംഗ്ലൂര്‍, ഹൈദരാബാദ് വിമാനങ്ങളിലെത്തുന്ന സ്വര്‍ണം ഗോവയില്‍ ഇറക്കിയശേഷമാണ് മംഗലാപുരത്തും കേരളത്തിലും എത്തിച്ചിരുന്നത്. കെ.ടി.റമീസിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണം വടക്കന്‍കേരളത്തിലെ വിവിധ ജൂവലറികളിലാണ് വിറ്റത്. കണ്ണൂര്‍,കാസര്‍കോട് ഉള്‍പ്പെടെയുള്ള ജ്വല്ലറികളും ഇതില്‍പ്പെടും.
പോലീസിന്റെയും ഒറ്റുസംഘങ്ങളുടെയും കണ്ണുവെട്ടിച്ച് ഗോവ വഴിയുള്ള സ്വര്‍ണക്കടത്ത് സാഹസമായതോടെയാണ് കേരളത്തിലേക്ക് നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചതും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ നയതന്ത്ര കാര്‍ഗോ തെരഞ്ഞെടുത്തതും. ഗോവയില്‍നിന്ന് സ്വര്‍ണം റോഡ് മാര്‍ഗം കൊണ്ടുവരാന്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള കാരിയര്‍മാരെയാണ് ഉപയോഗിച്ചത്. മലയാളസിനിമയിലെ നിരവധി സിനിമാതാരങ്ങളും സെലിബ്രിറ്റികളും ഇങ്ങനെ കാരിയര്‍മാരായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആദ്യവും രണ്ട് കിലോഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നു.
കാരിയര്‍മാര്‍ വന്‍തുക ആവശ്യപ്പെട്ട് തുടങ്ങിയതും ഒറ്റുമെന്ന് സംശയമുയര്‍ന്നതുമാണ് ഗോവ ഉപേക്ഷിക്കാന്‍ കാരണമായത്. ദുബായില്‍നിന്ന് സ്വര്‍ണവുമായെത്തുന്നയാള്‍ സീറ്റിനു താഴെ ഒളിപ്പിച്ചശേഷം ഗോവയില്‍ ഇറങ്ങും. അവിടെനിന്നു ബംഗളുരുവിനോ ഹൈദരാബാദിനോ പോകാന്‍ കയറുന്ന കാരിയര്‍ക്കാണ് സ്വര്‍ണം സുരക്ഷിതമായി പുറത്തിറക്കേണ്ട ചുമതല. ആഭ്യന്തര സര്‍വീസായതിനാല്‍ കസ്റ്റംസ് പരിശോധന ഉണ്ടാകില്ല.
കാരിയര്‍ ടോയ്‌ലറ്റില്‍ കൊണ്ടുവയ്ക്കുന്ന സ്വര്‍ണം ശുചീകരണത്തൊഴിലാളികളോ മറ്റോ പുറത്തെത്തിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗോവ വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് പ്രതികള്‍ കളം മാറ്റിയത്. റമീസ് ദക്ഷിണേന്ത്യയിലെ സ്വര്‍ണക്കടത്ത് റാക്കറ്റിന്റ പ്രധാനകണ്ണിയാണെന്ന് കസ്റ്റംസ് പറയുന്നു.
സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബാംഗ്ലൂരില്‍ ഒളിത്താവളമൊരുക്കിയതും റമീസിന്റെ സംഘമാണ്. കേസിലെ മൂന്നാംപ്രതി കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിനു പിന്നിലെ മലയാളി വമ്പന്‍മാരെ കണ്ടെത്താന്‍ കസ്റ്റംസ് ദുബായ് പോലീസിന്റെ സഹായം തേടും. ഫൈസലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

Post a Comment

0 Comments