ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു


വെള്ളരിക്കുണ്ട്: ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ വെള്ളരിക്കുണ്ടിലെ ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു.
വെള്ളരിക്കുണ്ട് -കൊന്നക്കാട് റോഡില്‍ പോലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സി.ജെ. ബില്‍ഡേഴ്‌സ് സ്റ്റോക് പോയിന്റ് എന്ന സ്ഥാപനമാണ് ലൈസന്‍സില്ലാത്തതിനാല്‍ അടപ്പിച്ചത്. ഇതുസംബന്ധിച്ച് വെള്ളരിക്കുണ്ടിലെ ചുമട്ടു തൊഴിലാളികള്‍ സംയുക്തമായി ബളാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
നിലവില്‍ വെള്ളരിക്കുണ്ട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സി.ജെ. ബില്‍ഡേഴ്‌സ് എന്നസ്ഥാപനത്തിന് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് അനുവദിച്ച വ്യാപാര ലൈസന്‍സ് ഉണ്ട്. ഇതിന്റെ മറവില്‍ ഉന്നത സ്വാധീനം വെച്ചാണ് ഉടമ ബളാല്‍ പഞ്ചായത്തിലുള്ള സ്ഥലത്ത് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ചുമട്ടുതൊഴിലാളികള്‍ ആരോപിക്കുന്നത്.
ഓഫീസ് മുറിയും സാധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഗോഡൗണിലുണ്ട്. പൊതുമരാമത്ത് റോഡരികില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗോഡൗണ്‍ സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇവിടേക്ക് എത്തുന്ന കെട്ടിട സാധനങ്ങള്‍ കണ്ടെയ്‌നര്‍ ലോറികളില്‍ നിന്നും സ്ഥാപന ഉടമ തന്റെ ജീവനക്കാരെ കൊണ്ടാണ് ഇറക്കുന്നത്. തൊഴില്‍വകുപ്പ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് തന്റെ തൊഴിലാളികള്‍ക്ക് ഉണ്ടെന്നും അതിനാല്‍ ലോഡ് ഇറക്കാന്‍ ചുമട്ടു തൊഴിലാളികള്‍ വേണ്ടെന്നുമാണ് ഉടമ പറയുന്നത്. വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴി ലാളികളും സ്ഥാപന ഉടമയും തമ്മില്‍ ഇക്കാര്യത്തില്‍ ഉടലെടുത്തതര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പ് എത്തിയ കണ്ടെയ്‌നര്‍ ലോറി ആഴ്ചകളൊളം സാധനം ഇറക്കാന്‍ കഴിയാതെ ഇവിടെ കിടന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ടു തൊഴിലാളി നേതാക്കളും ഉടമയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ സി.ജെ. ബില്‍ഡേഴ്‌സ് ഉടമ ഹൈക്കോടതിയെ സമീപിക്കുകയും ലേബര്‍ ഡിപ്പാര്‍ട്ട് മെന്റ് നല്‍കിയ തൊഴിലാളി സാക്ഷ്യപത്രവും കരിന്തളം പഞ്ചായത്തിന്റെ വ്യാപാര ലൈസന്‍സും മുന്‍നിര്‍ത്തി അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു.
ബളാല്‍ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് സി.ജെ. ബില്‍ഡേഴ്‌സിന് പഞ്ചായത്ത് ലൈസന്‍സില്ലെന്ന ചുമട്ടുതൊഴിലാളികളുടെ പരാതിയെകുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം തൊഴിലാളികള്‍ക്കുറപ്പ് നല്‍കിയിരുന്നു.
അതേ സമയം ആവശ്യമായ എല്ലാ രേഖകളോടെയുമാണ് തന്റെ സ്ഥപനത്തിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉടമയും പറയുന്നു.

Post a Comment

0 Comments