നീലേശ്വരം പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിനെ കസ്‌ററഡിയില്‍ വാങ്ങും


നീലേശ്വരം: 16 കാരിയെ പിതാവും കാമുകനും ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പിതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം നീക്കം തുടങ്ങി.
ഇതിനായി നാളെ ഹോസ്ദുര്‍ഗ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചതെന്നാണ് അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫും തൈക്കടപ്പുറത്തെ അഹമ്മദും അറസ്റ്റിലായതോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പണത്തിന് വേണ്ടിയാണ് കാഴ്ചവെച്ചതെന്ന നിഗമനത്തിലെത്തിയതോടെയാണ് പിതാവിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഈ കേസില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയാക്കിയ ആറുപേരെയും അന്വേഷണ സംഘം അറസ്റ്റുചെയ്തു. ഇനി കുട്ടിയുടെ ബന്ധുകൂടിയായ പടന്നക്കാട്ടെ ക്വിന്റല്‍ മുഹമ്മദിനെ മാത്രമാണ് പിടികൂടാനുള്ളത്. ക്വിന്റലിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പ്രത്യേക ടീമിനെതന്നെ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ നിയോഗിച്ചിട്ടുണ്ട്.
ചീമേനി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാറാണ് ക്വിന്റല്‍ മുഹമ്മദിനെതിരായുള്ള കേസന്വേഷിക്കാനായി ജില്ലാപോലീസ് മേധാവി നിയോഗിച്ചത്. ഇയാളുടെ ഫോണ്‍ സൈബര്‍സെല്‍ മുഖേന പരിശോധിച്ചുവരികയാണ്. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ ടവര്‍ പരിധി കണ്ടെത്താനാവുന്നില്ല. വാഹന കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ക്വിന്റല്‍ മുഹമ്മദിന് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ അന്യസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം ക്വിന്റല്‍ മുഹമ്മദിനെ കയ്യില്‍കിട്ടിയിട്ടും ആദ്യ അന്വേഷണസംഘം രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന് പിതാവ് ഉള്‍പ്പെടെ നാല് പ്രതികള്‍ അറസ്റ്റിലായതിന്‌ശേഷവും ക്വിന്റല്‍ മുഹമ്മദ് തന്റെ വാടക ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തെ നാട്ടുകാര്‍ അറിയിച്ചിട്ടും പിടികൂടാന്‍ തയ്യാറായില്ലത്രെ.
ഇതേ തുടര്‍ന്നാണ് ഈ കേസിന്റെ അന്വേഷണം മാത്രം ചീമേനി ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെ ഏല്‍പ്പിച്ചത്. ഇതിനകം പെണ്‍കുട്ടിയുടെ പിതാവ്, കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ജിം ഉടമയുമായ ഷെരീഫ്(48), പടന്നക്കാട്ടെ ടയര്‍കട ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് (65), ഞാണിക്കടവിലെ മുഹമ്മദ് റിയാസ്, പുഞ്ചാവിയിലെ പി.പി.മുഹമ്മദലി, ഞാണിക്കടവിലെ 17 കാരന്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പടന്നക്കാട് പീഡനക്കേസ് മറ്റൊരു സൂര്യനെല്ലിയായി മാറുകയാണ്.

Post a Comment

0 Comments