എസ്.എന്‍.ഡി.പി നേതാവിന്റെ മരണം: വെള്ളാപ്പള്ളിയെ നാളെ ചോദ്യം ചെയ്യും


ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ പോലീസ് ചോദ്യം ചെയ്യും.
നടേശനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് നടേശന്‍ സമയം ചോദിക്കുകയായിരുന്നു. അതേസമയം, വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. മൈക്രോഫിനാന്‍സ് കേസിലടക്കം കുടുക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശന്‍ കത്തുകളിലും എഴുതിയിരുന്നത്. വെളളാപ്പള്ളി നടേശന്റെയും സഹായി അശോകന്റെയും പേരുള്ള ആത്മഹത്യകുറിപ്പ് കൂടി പുറത്തുവന്നതോടെ പോലീസിന് ചോദ്യം ചെയ്യലിലേക്ക് നീങ്ങേണ്ടിവന്നു.
കഴിഞ്ഞ ദിവസം, അശോകന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മൂന്ന് മണിക്കൂറിലധികം നേരമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും എന്ന് പോലീസ് അറിയിച്ചത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് രാത്രി തന്നെ വെള്ളാപ്പള്ളി പോലീസിനെ അറിയിച്ചു. ഇതോടെയാണ് ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റിയത്. മഹേശന്റേതായി പുറത്തുവന്ന കത്തുകളിലെയും കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍.
പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് മഹേശന്റെ ഭാര്യ ഉഷാദേവി ആരോപിച്ചു. എന്നാല്‍, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്നാണ് പോലീസ് അറിയിക്കുന്നത്.
വെള്ളാപ്പള്ളി നടേശനും കെ.എല്‍ അശോകനുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
എന്നാല്‍ അതിലേക്ക് എത്താന്‍ ഇനിയും തെളിവുകള്‍ വേണമെന്നാണ് മാരാരിക്കുളം പോലീസ് പറയുന്നത്. അറസ്റ്റ് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കണിച്ചുകുളങ്ങരയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന എതിര്‍ചേരിയുടെ നീക്കം.

Post a Comment

0 Comments