വിഗ്രഹകവര്‍ച്ചക്കാര്‍ ഉള്‍പ്പെടെ കുപ്രസിദ്ധ പ്രതികള്‍ പുറത്തിറങ്ങി; ജാഗ്രതപാലിക്കണമെന്ന് പോലീസ്


കാഞ്ഞങ്ങാട്: വിഗ്രഹ കവര്‍ച്ചക്കാര്‍ ഉള്‍പ്പെടെ നിരവധി കുപ്രസിദ്ധ മോഷ്ടാക്കള്‍ അടുത്തകാലത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് പോലീസ്.
മിക്കവരും കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതിനാല്‍ പലരും സന്ധ്യകഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തതും മിക്ക കടകളും തുറക്കാത്തതും കവര്‍ച്ചക്കാര്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
അതുകൊണ്ട് തന്നെ ആരാധനാലയങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത ജാഗ്രതവേണമെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകളും പരമാവധി രാത്രികാവല്‍ക്കാരെയും ഏര്‍പ്പെടുത്തണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. വീടുപൂട്ടിപോകുന്നവര്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കിയാല്‍ അത്തരം സ്ഥലങ്ങളില്‍ പോലീസും കൂടുതല്‍ ജാഗ്രതപാലിക്കും. മഴ കനത്തതും കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സാധാരണ മഴക്കാലത്ത് കവര്‍ച്ചക്കിറങ്ങുന്ന 'മഴക്കള്ളന്മാര്‍'ക്ക് പുറമെയാണ് ഇപ്പോള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കവര്‍ച്ചക്കാരും ജനങ്ങള്‍ക്ക് ഭീതി ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം ചിത്താരി നായ്ക്കര വളപ്പ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹവിഗ്രഹം കവര്‍ച്ചചെയ്തതും അരവഞ്ചാല്‍, പാടിച്ചാല്‍, പയ്യന്നൂര്‍ എന്നീ ക്ഷേത്രങ്ങളിലും ഇന്നലെ പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തിലും കവര്‍ച്ച നടത്തിയതും ഇതേസംഘമായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.

Post a Comment

0 Comments