വിലയില്ല; മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍


മടിക്കൈ: കാസര്‍കോടിന്റെ വാഴത്തോട്ടമായ മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ പ്രതിസന്ധില്‍.
കാലാവസ്ഥയേയും പ്രതിസന്ധികളേയും അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകരെ കോവിഡുകാലത്ത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നു. സീസണ്‍ സമയമായിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് 26 മുതല്‍ 28 രൂപ വരെയാണ്. കഴിഞ്ഞ വര്‍ഷം നേന്ത്രകായ്ക്ക് 40 മുതല്‍ 58 രൂപവരെ വിലകിട്ടിയിരുന്നു. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ 45 മുതല്‍ 50 രൂപവരെ നല്‍കണം. ഏപ്രില്‍ പകുതി മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് വിളവെടുപ്പ് സമയം. ഓണക്കാലത്ത് കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസണ്‍ അവസാനിക്കുന്നത്. ഈ കാലത്ത് ലഭിക്കുന്ന പണമാണ് കര്‍ഷകരുടെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള വരുമാനം. ഇതില്‍ നിന്നും മിച്ചംപിടിച്ചാണ് അടുത്ത കൃഷിയിറക്കുന്നത്. മംഗലാപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മടിക്കൈയില്‍ നിന്നും നേന്ത്രക്കായ കൊണ്ടുപോകുന്നത്.
ലോക്ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം 2.5 കോടി രൂപയുടെ കായ അമ്പലത്തുകരയിലെ നേന്ത്രവാഴക്കുലശേഖരണ കേന്ദ്രത്തില്‍ നിന്നും കൊണ്ടുപോയിരുന്നു. വേനല്‍ മഴയിലും കാറ്റിലും ആയിരക്കണക്കിന് വാഴ ഇപ്രാവശ്യം നശിച്ചു. മിച്ചം വന്ന കായകള്‍ക്ക് വില കിട്ടാതായതോടെ കര്‍ഷകര്‍ ദുരിതത്തിലായി.

Post a Comment

0 Comments