ചാനല്‍ ചര്‍ച്ചയില്‍ 'ബപ്പപ്പ'; ഏഷ്യാനെറ്റിലെ ചര്‍ച്ച സിപിഎം ബഹിഷ്‌ക്കരിച്ചു


കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ രാത്രി 8 മണിക്കുള്ള ന്യൂസ് അവറില്‍ ഇനി സിപിഎം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
ഡിവൈഎഫ്‌ഐ നേതാവ് റഹീം, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, മുന്‍ എം.പിമാരായ രാജേഷ്, രാജീവ്, എം.എല്‍.എമാരായ ഷംസീര്‍, സ്വരാജ് തുടങ്ങിയവരാണ് ഏഷ്യാനെറ്റിലെ ചര്‍ച്ചക്ക് ഹാജരാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ സ്വപ്നസുന്ദരിയുടെ സഹകരണത്തോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് തുടങ്ങിയതോടെ ചര്‍ച്ചക്ക് മറുപടി പറയാന്‍ കഴിയാതെ സിപിഎം പ്രതിനിധികള്‍ 'ബപ്പപ്പാ' വെക്കുന്നതും വിയര്‍ക്കുന്നതും ലോകം മുഴുവനുള്ള മലയാളികള്‍ ദര്‍ശിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ വിലയിടിയുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് സിപിഎം പ്രതിനിധികള്‍ ചര്‍ച്ചക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. പലപ്പോഴും ചോദ്യങ്ങള്‍ക്ക് യഥാര്‍ത്ഥ മറുപടി പറയാതെ മറ്റെന്തെങ്കിലും പറഞ്ഞ് തടിതപ്പുകയായിരുന്നു പതിവ്. ചര്‍ച്ചക്കെത്തുന്ന കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികളുടേയും അവതാരകന്റെയും വിമര്‍ശന മുന ഏല്‍ക്കാനും സിപിഎം പ്രതിനിധികള്‍ക്ക് കഴിയുന്നില്ല.
ഇന്നലെ രാത്രി ന്യൂസ് 24 ന്റെ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി എത്തിയത് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ തൃക്കരിപ്പൂരിലെ ഡോ.വി.പി.പി മുസ്തഫയാണ്. മുസ്തഫയും ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാതെ തപ്പിതടയുന്നുണ്ടായിരുന്നു. അതിനും കഴിയാതെ വന്നപ്പോഴാണ് ചര്‍ച്ച ബഹിഷ്‌ക്കരിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ച മലയാളികള്‍ക്ക് ഓരോ സംഭവങ്ങളുടെയും പിന്നാമ്പുറം കഥകള്‍ അറിയാന്‍ സഹായിക്കുന്നുണ്ട്. പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയുന്ന വിവരങ്ങളുടെ നൂറിരട്ടി സംഭവങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ പുറത്തുവരുന്നുണ്ട്. അതാത് സമയത്തെ സംഭവവികാസങ്ങള്‍ വിഷയങ്ങളാക്കിയാണ് പ്രമുഖ ചാനലുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.
അവതാരകരായ വേണു, വിനു, ശ്രീകണ്ഠന്‍നായര്‍, ഷാനി, സുജാപാര്‍വ്വതി തുടങ്ങിയവരുടെ കഠാരമുനപോലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ രാഷ്ട്രീയക്കാര്‍ പരുങ്ങുന്നത് പതിവാണ്.

Post a Comment

0 Comments