മൂന്നാംകുറ്റി ജയന്‍ വധം: വിചാരണ അവസാനഘട്ടത്തില്‍


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ഷോപ്പ് ഉടമ പൂവാലങ്കൈ മൂന്നാംകുറ്റിയിലെ പത്മനാഭന്റെ മകന്‍ ജയനെ തലക്കടിച്ച് വീഴ്ത്തി തോട്ടിലെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തിയ കേസിന്റെ വിചാരണ അവസാനഘട്ടത്തില്‍.
പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സര്‍ജനും ഉള്‍പ്പെടെ 40 ഓളം സാക്ഷികളുണ്ടായിരുന്ന കേസില്‍ അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നീലേശ്വരം സിഐയും ഇപ്പോള്‍ ഡിവൈഎസ്പിയുമായ ടി.എന്‍.സജീവനെ മാത്രമാണ് വിസ്തരിക്കാനുള്ളത്. ഇദ്ദേഹത്തെ അടുത്തമാസം 6 ന് വിസ്തരിക്കും. അന്വേഷണ സംഘത്തിലുണ്ടായിരുന്ന അന്നത്തെ നീലേശ്വരം എസ്.ഐ എം.ഇ.രാജഗോപാലനെ കഴിഞ്ഞദിവസം ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) വിസ്തരിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയായിരുന്നു ജയനെ കൊലപ്പെടുത്തിയത്. കേസില്‍ പൂവാലംകൈ മുതിരക്കാലിലെ എം.പ്രകാശന്‍ (35), ലോറി ഡ്രൈവര്‍ ചാലക്കരയിലെ കെ.സുധീഷ് (24) എന്നിവരാണ് പ്രതികള്‍. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന മാത്യു എക്‌സലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ സമര്‍ത്ഥമായി അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്‌ശേഷം രക്ഷപ്പെടുന്നതിനിടയില്‍ പയ്യന്നൂരിലെ ഒരുബാറില്‍ വെച്ച് മദ്യപിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്. 2013 ജൂണ്‍ 17 നാണ് മൂന്നാംകുറ്റിയിലെ തോട്ടില്‍ ജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേദിവസം ജയനും പ്രതികളും മൂന്നാംകുറ്റിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ വെച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ജയന്‍ ഷെഡ്ഡില്‍ തന്നെ കിടന്നുറങ്ങി. മദ്യപിക്കുന്നതിനിടയില്‍ ജയനോട് പ്രകാശന്‍ തനിക്ക് നല്‍കാനുള്ള 5000 രൂപ ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുകയും ഇതിനിടയില്‍ പ്രകാശന്‍ പലകകൊണ്ട് ജയനെ തലക്കടിച്ചുവീഴ്ത്തുകയും ചെയ്തു. തലപൊട്ടി രക്തത്തില്‍കുളിച്ചുകിടന്ന ജയനെ പ്രതികള്‍ രക്തം പുരണ്ട വസ്ത്രം അഴിച്ചുമാറ്റി തൊട്ടടുത്തുള്ള ചൈനാക്ലേ ഫാക്ടറിക്ക് സമീപത്തെ തോട്ടിനരികിലേക്ക് നടത്തിച്ചുകൊണ്ടുപോയി. അവിടെയുള്ള കുഴിയില്‍ തലതാഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.
തുടക്കത്തില്‍ തന്നെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളായ പ്രകാശനും സുധീഷും പോലീസ് അന്വേഷണത്തിന് എത്തുമ്പോഴും മൃതദേഹം കാണപ്പെട്ട സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇരുവരും മറ്റൊരു വാഹനത്തില്‍ നാട്ടുകാരോട് പരിയാരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നു. എന്നാല്‍ സമീപവാസികള്‍ നല്‍കിയ ചില സൂചനകളെ തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാണ് അന്വേഷണ സംഘം ഇരുവരെയും പയ്യന്നൂരിലെ ബാറില്‍ നിന്നും പിടികൂടിയത്. ഡിവൈഎസ്പി സജീവന്റെ വിസ്താരംകൂടി പൂര്‍ത്തിയാക്കുന്നതോടെ കേസ് വിധിപറയുന്ന നടപടികളിലേക്ക് കടക്കും.

Post a Comment

0 Comments