ഉണ്ണിത്താന്‍ കണ്ണുരുട്ടി; നീലേശ്വരത്തെ ഗ്രൂപ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍


നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത രൂക്ഷമായ ഗ്രൂപ്പ് പോരിന് താല്‍ക്കാലിക വിരാമം.
കഴിഞ്ഞ ദിവസം നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കെ.പി.സി. സി നിയോഗിച്ച സംഘത്തിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജനയോഗത്തിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തി നേതാക്കള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് കെ.പി.സി.സി നിയോഗിച്ച സംഘം കര്‍ശന നിര്‍ദ്ദേശം നല്‍കി. 'മുകളില്‍ പിടിപാടുണ്ടെന്ന് കരുതി എന്തും നടത്താമെന്നും ആരും കരുതേണ്ടതില്ലെന്നും പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ ആര് പ്രവര്‍ത്തിച്ചാലും അവരുടെ സ്ഥാനം കോണ്‍ഗ്രസിന് പുറത്തായിരിക്കുമെന്നും പിന്നീട് തിരിച്ചുവരാമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി'.
മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആറംഗ കമ്മറ്റിയേയും യോഗം ചുമതലപ്പെടുത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, നഗരസഭ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനന്‍, സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രമേശന്‍ കരുവാച്ചേരി, ബ്ലോക്ക് കോ ണ്‍ഗ്രസ് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷണന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് കമ്മറ്റി.
നഗരസഭയിലേക്ക് മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണമെന്ന് അതാത് വാര്‍ഡ് കമ്മറ്റികളായിരിക്കും നിര്‍ദ്ദേശിക്കുക. രണ്ടഭിപ്രായം വന്നാല്‍ അക്കാര്യം ആറംഗ കമ്മറ്റിക്ക് വിടും. ഇവര്‍ പരിശോധിച്ച് കെ.പി.സി.സി നിയോഗിച്ച സംഘത്തിന് റിപ്പോര്‍ട്ട് നല്‍കും. വാര്‍ഡില്‍ ഭൂരിപക്ഷമുള്ള ആളെയായിരിക്കും സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക. ഇതില്‍ യാതൊരു ഇടപെടലുകളും ഉണ്ടാവില്ല. നീലേശ്വരം നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ചംഗസമിതിയേയും കെ.പി.സി.സി നിയോഗിച്ചിട്ടുണ്ട്. പി.ജി.ദേവ്, പി.കെ.ഫൈസല്‍, അഡ്വ.കെ.കെ.രാജേന്ദ്രന്‍, എം.അസിനാര്‍, എ.ഗോവിന്ദന്‍നായര്‍ എന്നിവരാണ് കെ.പി.സി.സി നിയോഗിച്ച സംഘം. ഇവരുടെ തീരുമാനമായിരിക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമം.
രണ്ടാഴ്ച മുമ്പ് പടിഞ്ഞാറ്റം കൊഴുവല്‍ രാജീവ്ഭവനില്‍ ഒരുവിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് എറുവാട്ട് മോഹനന്‍, കരുവാച്ചേരി രമേശന്‍, ഇ.ഷജീര്‍ എന്നിവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളിലും വാര്‍ഡ്തലം മുതല്‍ അടുപ്പിക്കരുതെന്ന് തീരുമാനമെടുത്തിരുന്നു. ഇത് പാര്‍ട്ടികകത്ത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് കെ.പി.സി.സി നിയോഗിച്ച സംഘം അടിയന്തിരമായി യോഗം വിളിച്ചുചേര്‍ത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

Post a Comment

0 Comments