പ്രധാനമന്ത്രിയെ അവഹേളിച്ച വിമുക്ത ഭടനെതിരെ കേസ്


മാവുങ്കാല്‍: ഫേസ് ബുക്കിലൂടെ പ്രധാനമന്ത്രിയെ 'ചെറ്റേ' എന്ന് വിശേഷിപ്പിച്ച് ആക്ഷേപിച്ച വിമുക്തഭടനെതിരെ കേസ്.
മാവുങ്കാല്‍ ആനന്ദാശ്രമം മില്‍മാ ഡയറിയിലെ സെക്യൂരിറ്റി ജീവനക്കാരനും വിമുക്തഭടനുമായ പുല്ലൂര്‍ വണ്ണാര്‍വയലില്‍ മാക്കംവീട്ടില്‍ ചന്തുമണിയാണിയുടെ മകന്‍ ബാബുരാജ് മാക്കത്തിനെതിരെയാണ് (45) ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി ജില്ലാ കമ്മറ്റി മെമ്പര്‍ മാവുങ്കാല്‍ പ്രസന്ന നിലയത്തില്‍ പരേതനായ എ.തമ്പാന്‍ നായരുടെ മകന്‍ എം.പ്രദീപ്കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബാബുരാജ് മുമ്പ് ഇന്ത്യന്‍സേനയിലായിരുന്നു.
ജൂണ്‍ 5 ന് ബാബുരാജിന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ മോദിയുടെ ലെ സന്ദര്‍ശനം ചൈനയ്ക്കുള്ള താക്കീതായി കരുതുന്നുണ്ടോ എന്ന പോസ്റ്റിന് താഴെയായി നമ്മുടെ പ്രധാനമന്ത്രി 'ചെറ്റ' എന്ന് കമന്റ് ചെയ്യുകയുണ്ടായി. പ്രസ്തുത കമന്റ് അങ്ങേയറ്റം അധിക്ഷേപപരവും അതിലുപരി പ്രകോപനപരവുമാണെന്നും മനപൂര്‍വ്വം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇത്തരം കമന്റുകള്‍ ഇടുന്നതിലൂടെ ജനങ്ങള്‍ പ്രകോപനം ഉണ്ടാക്കുമെന്നും ഇതുവഴി സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കുകയുമാണ് ബാബുരാജിന്റെ ലക്ഷ്യമെന്നും പ്രദീപ്കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബാബുരാജിന്റെ മുന്‍കാല പ്രവൃത്തികളും പ്രദീപ്കുമാര്‍ പരാതിയില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒമ്പത് മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ശ്രീരാമന് രോമാഞ്ചമായോ' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അധിക്ഷേപങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബാബുരാജിന്റെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍സെല്‍ മുഖാന്തരം പരിശോധന നടത്തണമെന്നും ബാബുരാജ് മനപൂര്‍വ്വം ലഹളയുണ്ടാക്കുന്നതിന് ശ്രമം നടത്തുകയാണെന്നും പ്രദീപ്കുമാര്‍ പരാതിയില്‍ ആരോപിച്ചു. ബാബുരാജിന്റെ അധിക്ഷേപത്തില്‍ പ്രകോപിതരായി ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ആനന്ദാശ്രമം മില്‍മയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അന്നുതന്നെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ ബാബുരാജിനെ മില്‍മാ ഡയറിയിലെ ജോലിയില്‍നിന്നും നീക്കം ചെയ്തിരുന്നു.

Post a Comment

0 Comments