ഷംനകാസിം ബ്ലാക്ക്‌മെയിലിംഗ് കേസ്: കാസര്‍കോട് സ്വദേശി പോലീസിന് മൊഴി നല്‍കി


കാസര്‍കോട്: നടി ഷംന കാസിമിനും കുടുംബത്തിനും ദുബായിലെ വന്‍ വ്യവസായിയായ അന്‍വര്‍ എന്ന പേരില്‍ ചിത്രം കാട്ടിക്കൊടുത്ത ദുബായില്‍ വ്യാപാരിയായ കാസര്‍കോട്ടെ യാസിര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ദുബായില്‍ ഷൂസിന്റെ മൊത്തവ്യാപാരിയായ യാസിര്‍ നാലുമാസം മുമ്പാണ് കാസര്‍കോട്ടെ വീട്ടിലെത്തിയത്. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും ടിക്‌ടോക്കില്‍ താന്‍ താരമൊന്നുമല്ലെന്നും വല്ലപ്പോഴുമേ അതില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നുള്ളൂ എന്നും യാസിര്‍ പോലീസിനോടു പറഞ്ഞു. യാസിറിന്റെ ചിത്രം ടിക്‌ടോക്കില്‍നിന്നു സംഘടിപ്പിച്ചാണ് പ്രതികള്‍ ഷംനയ്ക്കു വിവാഹാലോചനയുമായി ചെന്നത്. ടിക്‌ടോക് ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഈ ടിക്‌ടോക് താരം ആരാണെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ചോദ്യം ചെയ്യാനായി ഇന്നലെ പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് യാസിറിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടയം സ്വദേശിയായ രാജുവാണ് സിനിമാ നിര്‍മ്മാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നു പോലീസ് പറയുന്നു. കോട്ടയത്തെ പന്തല്‍ പണിക്കാരനാണെന്നാണ് സൂചന. ഷംനയുടെ മൊഴിയില്‍ നിന്നാണ് ഇയാള്‍ വീട്ടില്‍ എത്തിയതായി അറിഞ്ഞത്.
പെണ്ണുകാണാനായി ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ ''വരന്റെ'' ഉമ്മ സുഹറയായി അഭിനയിച്ച വാടാനപ്പള്ളി സ്വദേശിനിയെ പോലീസ് ഉടന്‍ ചോദ്യംചെയ്യും. നടിയെ ഫോണില്‍ വിളിച്ചു പരിചയപ്പെട്ട റഫീഖ് പെണ്ണുകാണാനായി ഷംനയുടെ വീട്ടിലേക്കയച്ച സംഘത്തിലായിരുന്നു ഇവര്‍ക്കു റോള്‍ നല്‍കിയത്. മകന്‍ ദുബായിലെ വലിയ വ്യവസായിയാണെന്നു ഷംനയോടു പറഞ്ഞ ഇവര്‍ മുഖ്യപ്രതികളിലൊരാളുടെ ഭാര്യയാണെന്നാണു സൂചന. ഇവരുടെ അറസ്റ്റിനും സാധ്യതയുണ്ട്. അതിനിടെ, റഫീഖ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇവരെ കോവിഡ് ഡിറ്റെന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിര്‍മ്മാതാവിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
വിവാഹത്തട്ടിപ്പു കേസിലെ പ്രതികള്‍ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ ഈ നിര്‍മ്മാതാവ് വീട്ടിലെത്തിയതായി ഷംനയുടെ മൊഴിയിലുണ്ട്. ഇദ്ദേഹം ഗള്‍ഫില്‍നിന്ന് ഒരു സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എത്തിയതെന്നാണ് പറഞ്ഞത്. തട്ടിപ്പുസംഘത്തിനു വേണ്ടിയായിരിക്കാം ഇയാള്‍ ഷംനയുടെ വീട്ടിലെത്തിയതെന്നു സംശയിക്കുന്ന സാഹചര്യത്തിലാണു ചോദ്യംചെയ്യുന്നത്.

Post a Comment

0 Comments