മടിക്കൈയില്‍ പന്നിവേട്ട: രണ്ടുപേര്‍ അറസ്റ്റില്‍; ഓട്ടോറിക്ഷയും പിടിച്ചെടുത്തു


മടിക്കൈ: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ സംഘത്തിലെ രണ്ടുപേരെ കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫും സംഘവും പിടികൂടി. എളേരിത്തട്ടിലെ ഫിലിപ്പോസ്, ബിരിക്കുളത്തെ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കെ.എല്‍ 60 സി 7075 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 17 ന് മടിക്കൈ എരിക്കുളത്തെ ടി.കെ.കേളുവിന്റെ വീട്ടില്‍ നിന്ന് അഞ്ചുകിലോ പന്നിയിറച്ചി ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് ഫിലിപ്പോസും ജോയിയും പിടിയിലായത്. ഇവര്‍ സ്ഥിരമായി കാട്ടുപന്നിയെ കോഴിയുടെ കുടലില്‍ പടക്കം വെച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്താറുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
ഒരു കിലോ ഇറച്ചി 250 രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രതികളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫിന് പുറമെ മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എസ് വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിതിന്‍, ശാന്തികൃഷ്ണ, അനശ്വര, ശിഹാബുദ്ദീന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവരാണ് വനപാലക സംഘത്തിലുണ്ടായത്.

Post a Comment

0 Comments