സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോടതി ഉത്തരവ്


തിരുവനന്തപുരം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തന്റെ ജീവനും സ്വന്തിനും ഭീഷണിയുണ്ടെന്നും മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കാണിച്ച് സി.ലൂസി സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് ജസ്റ്റീസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, വയനാട് എസ്.പി, വെള്ളമുണ്ട സ്‌റ്റേഷന്‍ ഓഫീസര്‍, എഫ്.സി.സി സൂപ്പീരിയര്‍ ജനറല്‍ സി.ആന്‍ ജോസഫ്, കാരയ്ക്കാമല എഫ്.സി.സി മദര്‍ സുപ്പീരിയര്‍ സി.ലിജി മരിയ, മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ.നോബിള്‍ തോമസ്, കാരയ്ക്കാമല വികാരിയായിരുന്ന ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സി.ലൂസി കോടതിയെ സമീപിച്ചത്.
കാരയ്ക്കാമല പള്ളി വികാരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഭീഷണി ഉയര്‍ന്നിരുന്നുവെന്ന് സി.ലൂസി പറഞ്ഞു. മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തു. ഇത് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കേണ്ടിവന്നതെന്ന് സി.ലൂസി പ്രസ്താവനയിലുടെ അറിയിച്ചു.
നീതിക്കു വേണ്ടി സമരം ചെയ്യേണ്ടിവരുന്ന തന്നെപ്പോലെയുള്ള അനേകം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്നതാണ് വിധി. കത്തോലിക്കാ വിശ്വാസികള്‍ക്ക് മാതൃകയാകേണ്ട കത്തോലിക്കാ സഭ ഇനിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികള്‍ അവസാനിപ്പിച്ച് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാന്‍ തയ്യാറാകണമെന്നും സി.ലൂസി ആവശ്യപ്പെട്ടു.
പോലീസിലെ അച്ചടക്കം പോലെയാണ് കന്യാസ്ത്രീമഠങ്ങളിലെ കീഴ്‌വഴക്കങ്ങള്‍. സഭയ്‌ക്കോ മഠം അധികൃതര്‍ക്കോ എതിരെ സംസാരിക്കാന്‍ പാടില്ല. വൈദികര്‍ പീഡിപ്പിച്ചാലും പുറത്തുപറയരുത്. പുറത്തുപറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തും. വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ നേരില്‍ കാണാനിടയായതാണ് അഭയയുടെ ജീവന്‍ അപഹരിക്കാന്‍ കാരണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അഭയാകൊലക്കേസില്‍ അറസ്റ്റിലായത് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണെന്നതിന് ചരിത്രം സാക്ഷി.

Post a Comment

0 Comments