ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആശുപത്രിയിലെത്തുന്നത് രോഗം മൂര്‍ച്ഛിച്ചശേഷം


തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട പ്രവാസികള്‍ വീടുകളില്‍ ക്വാറെന്റെനില്‍ കഴിയുന്നതുമൂലം കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആശങ്ക. രോഗലക്ഷണങ്ങള്‍ പ്രകടമായ ശേഷം മാത്രമാണ് മിക്കവരെയും ആശുപത്രിയിലെത്തിക്കുന്നത്. ഇതുമൂലം സാമൂഹികവ്യാപന സാധ്യതയും കൂടുകയാണ്. ക്വാറെന്റെന്‍ സംവിധാനങ്ങള്‍ക്കായി രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാക്കിയെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോഴാണ് രോഗപ്പകര്‍ച്ചാഭീഷണിയുമായി പ്രവാസികള്‍ വീടുകളില്‍ കഴിയുന്നത്.
തുടക്കത്തില്‍ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ക്വാറെന്റെന്‍ സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. പണം ഈടാക്കി ക്വാറെന്റെന്‍ സംവിധാനം ഇപ്പോഴും നല്‍കുന്നുണ്ടെങ്കിലും അതുപയോഗിക്കുന്നവര്‍ കുറവാണ്. വരുന്നവര്‍ വീടുകളിലേക്ക് പോകുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് പകരാനുള്ള സാധ്യതയുണ്ട്. ഇതാണ് ഇപ്പോള്‍ ഭീഷണിയാകുന്നത്. കേരളത്തിലെത്തിയ 1,78,585 പ്രവാസികളില്‍ 1,25,007 പേരും വീടുകളിലാണു ക്വാറെന്റെനില്‍ കഴിയുന്നത്.
സര്‍ക്കാര്‍ ഒരുക്കിയ ക്വാറെന്റെന്‍ സംവിധാനത്തില്‍ 23,479 പേര്‍ മാത്രമാണ് ഇപ്പോള്‍ കഴിയുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ക്വാറെന്റെന്‍ സംവിധാനത്തിനായി 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അവയില്‍ 90 ശതമാനവും ഉപയോഗിച്ചിട്ടില്ല. ഭൂരിഭാഗവും കൃത്യമായി അണുവിമുക്തമാക്കി സൂക്ഷിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

Post a Comment

0 Comments