ജന്മദേശം വാര്‍ത്ത തുണയായി; അരവിന്ദനും രേവതിക്കും പഠിക്കാന്‍ വൈദ്യുതിയെത്തും


രാജപുരം: അരവിന്ദിനും ചേച്ചി രേവതിക്ക് ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. ഇവരുടെ വീട്ടില്‍ അടിയന്തിരമായി വൈദ്യുതി എത്തിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും രാജപുരം എ.ഇക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ജന്മദേശത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നീലേശ്വരം പൊടോത്തുരുത്തിയിലെ ടി.വി.സുരേഷ് ബാബുവാണ് സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വൈദ്യുതി നല്‍കുന്നതിന് മുന്നോടിയായി നാട്ടിലെ സന്നദ്ധ സംഘടനകള്‍ വീട്ടില്‍ വയറിംഗ് പ്രവൃത്തി നടത്താന്‍ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. വൈദ്യുതികൂടി കിട്ടുന്നതോടെ ഇവര്‍ക്കിനിയാവശ്യം ഓണ്‍ലൈനില്‍ പഠിക്കാന്‍ ടെലിവിഷനാണ്. ഇതും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ കുട്ടികള്‍ക്കുള്ളത്.
സഹപാഠികളുള്‍പ്പെടെ ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകുമ്പോഴും വൈദ്യുതി സ്വപ്നം കണ്ട് കഴിയുന്ന ഈ കുട്ടികളുടെ ബുദ്ധിമുട്ട് കഴിഞ്ഞ ദിവമാണ് ജന്മദേശം റിപ്പോര്‍ട്ട് ചെയ്തത്. ആദിവാസി വിഭാഗത്തില്‍പെട്ട അരവിന്ദ് അഞ്ചാംക്ലാസിലും ചേച്ചി രേവതി പത്താംക്ലാസിലുമാണ് പഠിക്കുന്നത്.
പാലങ്കല്‍ കുറത്തി ആദിവാസി കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റുകോണ്ടുമറച്ച കൊച്ചുവീട്ടിലാണ് ഇവര്‍ കുടുംബസമേതം താമസിക്കുന്നത്. സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയ കാലം മുതല്‍ രക്ഷിതാക്കള്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ആദിവാസിവിഭാഗത്തില്‍ പെട്ടവരെ ശ്രദ്ധിക്കേണ്ട പട്ടികവര്‍ഗ്ഗവകുപ്പാണെങ്കില്‍ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. രോഗിയായ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ച് ഇവര്‍ സ്വയം പഠനത്തിന് തയ്യാറാവുകയായിരുന്നു.
മതിയായ രേഖകളില്ലാത്തതിനാല്‍ വൈദ്യുതി നല്‍കാന്‍ നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് കെഎസ്ഇബി അധികൃതരും കൈ മലര്‍ത്തുകയായിരുന്നു. എന്നാല്‍ യാതൊരു രേഖകളുമില്ലെങ്കിലും അടിയന്തിരമായി വീട്ടില്‍ വൈദ്യുതി എത്തിക്കാനായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയത്.

Post a Comment

0 Comments