സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസ്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംശയനിഴലില്‍. സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസുകള്‍ തയ്യാറാക്കിയതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ സംശയനിഴലിലായിരിക്കുന്നത്. എയര്‍ ഇന്ത്യ ഓഫിസര്‍മാരുടെ സംഘടനാ നേതാവായ എല്‍.എസ്. സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ സ്വപ്നയെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നടന്നിരുന്ന അഴിമതികള്‍ക്കെതിരേ പ്രതികരിച്ചതിനാണ് സിബുവിനെ കള്ളക്കേസില്‍ കുടുക്കിയത്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷ് അക്കാലത്താണ് സാറ്റ്‌സില്‍ നിയമിക്കപ്പെടുന്നതും.
സിബുവിനെതിരെ 16 വനിതാ ജീവനക്കാരുടെ പേരില്‍ വ്യാജ പരാതി സ്വപ്ന നല്‍കിയിരുന്നു. ഇതിനെതിരെ സിബു പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യ അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായിരുന്നു. പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്.
സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസങ്ങളില്‍ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണില്‍ വിളിച്ചത് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗത്യന്തരമില്ലാതെയാണു കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസില്‍ പ്രതിയാക്കിയത് എന്നും തെളിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments