പാര്‍ട്ടിവിടാനൊരുങ്ങിയ രാജന്‍പെരിയക്ക് 'എ' ഗ്രൂപ്പിന്റെ സമ്പൂര്‍ണ്ണ പിന്തുണ


പെരിയ: കെ.പി.സി.സി ഷോക്കോസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടിവിടാനൊരുങ്ങിയ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയക്ക് ജില്ലയിലെ എ ഗ്രൂപ്പുകാരുടെ സമ്പൂര്‍ണ്ണ പിന്തുണ.
കാസര്‍കോട് ഡിസിസി ഓഫീസില്‍ വെച്ച് ഡിസിസി വനിതാ സെക്രട്ടറി ഗീതാകൃഷ്ണനെ രാജന്‍ പെരിയ ആക്ഷേപിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ.പി.സി.സി സെക്രട്ടറി രതികുമാര്‍ രാജന്‍ പെരിയയെ കുറ്റക്കാരനായി ചിത്രീകരിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവത്രെ. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ രാജന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഷോക്കോസ് നോട്ടീസ് നല്‍കുകയാണുണ്ടായത്. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു ഷോക്കോസിലെ മുന്നറിയിപ്പ്. ഇത് കിട്ടിയ ഉടനെ രാജന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.
ഇന്നലെ വൈകീട്ട് 4 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് രാജിപ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ മണത്തറിഞ്ഞ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ സംഭവം ഉമ്മന്‍ചാണ്ടി, ബെന്നിബെഹനാന്‍, കെ.സി.ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉമ്മന്‍ചാണ്ടിയും ബെന്നിബെഹനാനും രാജനുമായി ബന്ധപ്പെട്ട് രാജിവെക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പിന്നാലെ എ ഗ്രൂപ്പുകാരോട് രാജനുമായി ബന്ധപ്പെട്ട് സമാശ്വസിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, തൃക്കരിപ്പൂര്‍ ബ്ലോക്കുകളിലെ എ ഗ്രൂപ്പ് നേതാക്കള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കാഞ്ഞങ്ങാട് ഇന്നലെ അടിയന്തിരയോഗം വിളിച്ചുചേര്‍ക്കുകയും രാജനെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാജന്‍ യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നടപടികള്‍ ഏകപക്ഷീയമാണെന്ന് ബോധ്യപ്പെട്ട എ ഗ്രൂപ്പ് നേതാക്കള്‍ ഒന്നടങ്കം രാജന് പിന്തുണപ്രഖ്യാപിച്ചു. നേരത്തെ ഉദുമ ബ്ലോക്കിലെ 23 സെക്രട്ടറിമാരും നാല് വൈസ് പ്രസിഡണ്ടുമാരും രാജന് പിന്തുണപ്രഖ്യാപിച്ചിരുന്നു.
കൊല്ലം ജില്ലക്കാരനായ രതികുമാര്‍ ഐ ഗ്രൂപ്പുകാരനും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അടുപ്പക്കാരനുമാണ്. കാസര്‍കോട് ജില്ലയിലെ എ ഗ്രൂപ്പുകാരെ ഒതുക്കാന്‍ ഗൂഡാലോചന നടന്നതായി എ ഗ്രൂപ്പില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്തുനിന്നും ഇടക്കിടെ കാസര്‍കോടെത്തുന്ന രതികുമാര്‍ കൊല്ലംകാരനും ഐ ഗ്രൂപ്പുകാരനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പടന്നക്കാട്ടെ വീട്ടിലാണ് ഊണും ഉറക്കവും. പെരിയ രാജനെതിരെ നടപടി ഉണ്ടായാല്‍ ഉണ്ണിത്താനെയും രതികുമാറിനെയും ബഹിഷ്‌ക്കരിക്കാനുള്ള ആലോചനകളാണ് ജില്ലയിലെ എ ഗ്രൂപ്പില്‍ മുളപൊട്ടിയത്. അസംഘടിതരായിരുന്ന ജില്ലയിലെ എ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പുകാരനായ രതികുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടോടെ സംഘടിതരായിട്ടുണ്ട്. കെ.പി.കുഞ്ഞിക്കണ്ണന്‍ ഡിസിസി പ്രസിഡണ്ടായിരുന്ന കാലത്താണ് ഗീതാകൃഷ്ണന്‍ കോണ്‍ഗ്രസില്‍ സജീവമായത്.

Post a Comment

0 Comments