തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഇന്നു പുലര്‍ച്ചെ വരെ ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന സൂചനകളുടെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ചോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്ത് തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെ 2.10 വരെ മൊഴിയെടുപ്പ് തുടര്‍ന്നു. സ്വന്തം കാറില്‍ ഇവിടെ എത്തിയ ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ കാറിലാണ് തിരികെകൊണ്ടുപോയത്. ശിവശങ്കറിന്റെ കാര്‍ കസ്റ്റംസ് ഓഫീസ് വളപ്പിലുണ്ട്. വീടിന് സമീപം കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പെടാതെ, പിന്നിലെ വഴിയിലൂടെയാണ് 2.20 ഓടെ ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചത്.
ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ശിവശങ്കറന്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സരിത്തിന്റെ മൊഴി. എന്നാല്‍, ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് സരിത്തിന്റെ മൊഴിയിലുള്ളത്. സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ ശിവശങ്കറിന്റെ ഫ്ളാറ്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന വാഹന രജിസ്റ്ററും സന്ദര്‍ശന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കെയര്‍ടേക്കറുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. അതിനുശേഷം ഫ്ളാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റംസ് പരിശോധിച്ചു ഇതില്‍ ശിവശങ്കറിനൊപ്പവും അല്ലാതെയും പ്രതികള്‍ സ്ഥിരമായി ഫ്ളാറ്റില്‍ എത്തിയിരുന്നതായി തെളിയുന്നുണ്ട്.
ശിവശങ്കറിനെ പരിചയപ്പെടുത്തിയത് സ്വപ്നയാണെന്ന് സരിത്തിന്റെ മൊഴിയിലുണ്ട്. എന്നാല്‍ ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ ആദ്യം സരിത്ത് തയ്യാറായിരുന്നില്ല.കസ്റ്റംസ് ശേഖരിച്ച തെളിവുകള്‍ നിരത്തിയതോടെയാണ് മറ്റുകാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പുസ്തകം എഴുതിയതിന് എഡിജിപി ജേക്കബ്ബ് തോമസിനെ സസ്പെന്റ് ചെയ്ത ഇടത് സര്‍ക്കാരാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണകള്ളക്കടത്തിന് ഒത്താശ ചെയ്തതായി തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
0 Comments