വേനലിലും വറ്റാത്ത ജലാശയം ജെ.സി.ബി ഉപയോഗിച്ച് നികത്തി


മടിക്കൈ: മടിക്കൈ പഞ്ചായത്തില്‍ വേനല്‍ക്കാലത്തും വറ്റാത്ത ജലാശയം സ്വകാര്യ വ്യക്തി ജെ.സി.ബി ഉപയോഗിച്ച് നികത്തി. സംഭവം അറിഞ്ഞയുടന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് ജലാശയം നികത്തുന്നത് തടഞ്ഞു.
മടിക്കൈ വില്ലേജിലെ എരിക്കുളം വലിയപാറയിലെ ജലാശയമാണ് ഇന്ന് രാവിലെ സ്വകാര്യ വ്യക്തി ജെ.സി.ബി ഉപയോഗിച്ച് നികത്തിയത്. ഈ സ്ഥലം തനിക്ക് റവന്യൂ വകുപ്പ് പതിച്ച് നല്‍കിയിട്ടുണ്ടെന്നാണത്രെ സ്വകാര്യ വ്യക്തി പറയുന്നത്. ജലാശങ്ങള്‍ സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഈ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കുകയും ഇവിടെയുണ്ടായിരുന്ന ജലാശയം നികത്തുകയും ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഒത്താശയിലാണ് ജലാശയം ഉള്‍പ്പെട്ട സ്ഥലം പതിച്ചുനല്‍കിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. തേജസ്വിനി സഹകരണ ആശുപത്രിക്ക് വേണ്ടി വിലകൊടുത്ത് വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നാണ് ഈ ജലാശയമുള്ളത്. പ്രദേശത്തെ ജലസമ്പത്തായ ജലാശയം ഉള്‍പ്പെടുന്ന ഭൂമി പതിച്ചുനല്‍കിയ നടപടി പിന്‍വലിക്കണമെന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ തദ്ദേശവാസികളും കൈവശക്കാരുമല്ലാത്തവരുമായ ആളുകള്‍ക്കാണ് ഭൂമി പതിച്ചുനല്‍കിയതെന്നും ഇതില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments