സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ നാല് പേരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 37 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും. കഴിഞ്ഞ ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്.
വന്ദേഭാരത് ദൗത്യത്തിലൂടെ തിരികെ വരുന്ന പ്രവാസികള്‍ക്കിടയില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വന്‍ സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വാര്‍ത്തയായിരുന്നതാണ്. കൊവിഡ് കാലമായതിനാല്‍ നിലവില്‍ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യവാരവും കഴിഞ്ഞ മാസവുമായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ്.

Post a Comment

0 Comments