റോഡിനും പാലത്തിനും കുന്നിടിച്ചു: ജനം ഭീതിയില്‍


നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിനും റോഡ് വികസനത്തിനുമായി കുന്നിടിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായി.
കാര്യംങ്കോട് ചീറ്റക്കാല്‍ വളവിലെ കുന്നാണ് പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണത്തിനും അപ്രോച്ച് റോഡിനുമായി ഇടിച്ച് നിരപ്പാക്കിയത്. അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ ഉണ്ടായിരുന്ന മനോഹരമായ കുന്നാണ് വികസനത്തിനായി ഇടിച്ച് നിരപ്പാക്കിയതെങ്കിലും കനത്ത മഴ ആരംഭിച്ചതോടെ കുന്നിന്റെ മറ്റ് ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. ഇതിനകം തന്നെ കുന്നിന്‍ചെരുവിലുണ്ടായിരുന്ന നിരവധി മരങ്ങള്‍ കനത്ത മഴയില്‍ കടപുഴകിവീണു. മാത്രവുമല്ല കുന്നിടിച്ച ഭാഗങ്ങളിലൂടെ ശക്തമായ തോതില്‍ മഴവെള്ളം വെള്ളച്ചാട്ടം പോലെ ഒലിച്ചിറങ്ങുന്നുണ്ട്. ഇതും കുന്നിടിച്ചലിന് കാരണമായേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഒരു ജലസംഭരണിപോലെയായിരുന്നു ഈ കുന്നുണ്ടായിരുന്നത്. മഴവെള്ളം സംഭരിച്ചിരുന്ന കുന്നില്‍നിന്നായിരുന്ന തൊട്ടടുത്തുള്ള പൊതുകിണറിലേക്ക് നീരൊഴുക്കുണ്ടായിരുന്നത്. കാര്യംങ്കോട്, ചാത്തമത്ത്, പൊടോത്തുരുത്തി, ചീറ്റക്കാല്‍ തുടങ്ങി നിരവധി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളം എത്തിച്ചിരുന്നത് ഇവിടുത്തെ കിണറില്‍നിന്നായിരുന്നു. നേരത്തെ ഉണ്ടായിരുന്ന കിണര്‍ റോഡ് വികസനത്തിനായി മൂടിയിരുന്നുവെങ്കിലും റെയില്‍വേ പുതിയകിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
കിന്നിടിച്ചതിനെ തുടര്‍ന്ന് അടുത്ത വേനല്‍ക്കാലമാവുമ്പോള്‍ ഇതിലേക്ക് നീരൊഴുക്കുണ്ടാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. ഏതായാലും റോഡും പാലവും വികസിപ്പിക്കുന്നതിനായി കുന്നിടിച്ച് നിരപ്പാക്കിയത് ജനങ്ങളില്‍ പരിഭവമുണ്ട്.

Post a Comment

0 Comments