ജോസ് മാണി വന്നോട്ടെ; സ്വാഗതം പക്ഷേ പാലാ സീറ്റ് വിട്ടുകൊടുക്കില്ല


കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പാല എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പ്രതികരിച്ചു. മുന്നണി പ്രവേശനമുണ്ടായാലും പക്ഷേ പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. അത് വിട്ടുനല്‍കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. എന്നാല്‍ ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.
യുഡിഎഫില്‍ നിന്നും പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനമാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. ജോസ് കെ മാണി ഇടതുമുന്നണിയിലേക്കോ എന്നതിലാണ് ചര്‍ച്ച. ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിയാണെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Post a Comment

0 Comments