കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്.
ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന് കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. യുവതിയെ ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്ചെയ്തിരിക്കുന്നതെന്ന് ചേരാനല്ലൂര്‍ പോലീസ് വ്യക്തമാക്കി.
ജൂണ്‍ 24 നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന് കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തു.
പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയാണ് കണ്ണൂര്‍ തളിപ്പറമ്പുകാരിയായ വര്‍ഷയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടു.
നേരത്തെ അമ്മയുടെ ശസ്ത്രക്രിയ നടത്താനായി സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയ വര്‍ഷയെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ സഹായിച്ചിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ഷ വെളിപ്പെടുത്തിയിരുന്നു. ഒരുപാട് പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. രക്ഷകന്റെ രൂപത്തില്‍ വന്നയാള്‍ ഇപ്പോള്‍ കാലന്റെ രൂപത്തിലായത്രെ. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് പോലും കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറഞ്ഞിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു ഭീഷണി. വര്‍ഷയുടെ ആരോപണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുക്കുകയും ചെയ്തതോടെയാണ് രംഗം വഷളാവുമെന്ന് മനസ്സിലാക്കി പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെത്തിയ നിരവധി പേര് ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്. ഫിറോസ് കുന്നുംപറമ്പിലിന് നാലുകൊല്ലം മുമ്പ് മൊബൈല്‍ വില്‍പ്പന ഷോപ്പ് ഉണ്ടായിരുന്നു. കച്ചവടമില്ലാതെ അത് പൊളിഞ്ഞു. തുടര്‍ന്നാണ് സോഷ്യല്‍മീഡിയയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണപ്പിരിവ് തുടങ്ങിയത്. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിന്റെ നാലും അഞ്ചും ഇരട്ടിത്തുക അക്കൗണ്ടുകളിലെത്തും.
ചികിത്സകഴിഞ്ഞ് ബാക്കിയാവുന്ന തുക മറ്റ് രോഗികള്‍ക്ക് കൊടുക്കാനെന്ന വ്യാജേന വാങ്ങും. അങ്ങനെയാണ് ഇവര്‍ സമ്പന്നരായത്.
0 Comments